Sunday, 29 April 2012

ഉംറയും സൌദിയുടെ ഹുങ്കും

ഉംറ, ഹജ്ജ് എന്നത് എന്റെ അറിവില്‍ പെട്ടിടുത്തോളം ഇസ്ലാം മതത്തിലെ നിര്‍ബന്ധമാക്കപെട്ട ആരാധന കര്‍മ്മങ്ങളില്‍ പെട്ടതാണ്, (ഉപാധികളോടെ), ആയതിനാല്‍ ഈ കര്‍മ്മ നിര്‍വ്വഹണത്തിന്നായി സൗദി അറേബ്യയില്‍ സ്ഥിതി ചെയ്യുന്ന മക്കയില്‍ എത്തേണ്ടതാണ്. ആയതിനാല്‍ അതിനായി ആശ്രയിക്കേണ്ടത്‌ സൗദി അറേബ്യ അനുവദിക്കുന്ന വിസയും അവിടുത്തെ എയര്‍ പോര്ട്ടിനെയുമാണ്.

കാര്യങ്ങള്‍ ഇങ്ങനെ ഇരിക്കെ ഉംറയ്ക്കായി ജിദ്ദ എയര്‍പോര്‍ട്ടില്‍ എത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകനായ  അഹമ്മദ് ഗിസാവി എന്നാ ഈജിപ്ഷ്യന്‍ അഭിഭാഷകനെ സൗദി പോലീസ് അറസ്റ്റു ചെയ്തിരിക്കുകയാണ്, പ്രത്യക്ഷമായ കാരണം അനധികൃത മരുന്ന് കൈവശം വെച്ചതിനാണെന്ന് പറയുമ്പോള്‍ , അതല്ല അബ്ദുള്ള രാജാവിനെ അപമാനിച്ചു പ്രസ്താവന നടത്തിയതിനാണെന്ന് ഈജിപ്ഷ്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്.

അബ്ദുള്ള രാജാവിനെ അപമാനിക്കുന്നവര്‍ക്ക് ആ രാജ്യത്തിലേക്കുള്ള പ്രവേശനം തടയാം, അതിനുള്ള അവകാശവും അവര്‍ക്കുണ്ട്, എന്നാല്‍ മത പരമായി അനുശാസിക്കുന്ന ഒരു ആരാധനയ്ക്കായി വരുന്ന മറ്റു രാജ്യങ്ങളില്‍ ഉള്ളവരെ തടയാന്‍ ഇവര്‍ക്ക് ആരാണ് അനുവാദം കൊടുത്തിരിക്കുന്നത്‌, അങ്ങനെയെങ്കില്‍ ഇതര രാഷ്ട്രങ്ങളില്‍ പെട്ട മുസ്ലീങ്ങള്‍ സൗദി ഭരണകൂടത്തെ വിമര്‍ശിക്കാന്‍ പറ്റില്ലല്ലോ പ്രത്യേകിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ പോലുള്ളവര്‍ക്ക്. അതായതു ലോക മുസ്ലീങ്ങള്‍ സൌദിക്ക് കീഴ്പെട്ടി ജീവിക്കണം എന്നോ.!!!!

പ്രതിഭ പാട്ടീലിന്റെ വിദേശ യാത്രയുമായി ബന്ധപെട്ടു കവലയില്‍ ഇരിക്കുന്ന സാധാരണക്കാരന്‍ പോലും വാചാലനാകുന്നത് കാണുമ്പൊള്‍ നമ്മുടെ രാജ്യത്തിന്‍റെ മഹത്തായ സ്വാതന്ത്ര്യത്തെ കുറിച്ച് അഭിമാനം തോന്നുന്നു.

സൌദിയിലെ ജയിലുകളില്‍ കഴിയുന്ന ഈജിപ്ഷ്യന്‍ തടവുകാരുടെ ദുരവസ്ഥ പുറം ലോകത്തെ അറിയിച്ചതാണ് ഈ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സൗദി ഭരണകൂടത്തിനോട് ചെയ്ത വലിയ കുറ്റം.

ഈ വിഷയത്തെ കുറിച്ച് ആധികാരികമായി എഴുതാന്‍ പ്രഗല്‍ഭരായ ബ്ലോഗ്ഗര് മാര്‍ (പോയ വര്‍ഷത്തിലെ മികച്ച ബ്ലോഗ്ഗര്‍ പട്ടം കിട്ടിയതും കിട്ടാന്‍ സാധ്യത  ഉണ്ടായിരുന്നതുമായ )  നമ്മുക്കുള്ളപ്പോള്‍ ഈജിപ്തിലെ നവ വിപ്ലവങ്ങളെ മാറോടു ചേര്‍ത്ത് വെച്ച് അവരോടു അല്പം സ്നേഹാധരവ് ഉള്ളതിനാലും എഴുതിയതാണ് ഈ ചെറിയ കുറിപ്പ്.

ശുഭം.

Monday, 16 April 2012

പാപത്തിന്റെ ശമ്പളം.

നേരം കൊറേ... ആയി. ഗള്‍ഫിലുള്ള ഭര്‍ത്താവിനോട് കത്തി വെച്ചുകൊണ്ടിരിക്കുന്ന  റസിയയ്ക്ക് മീനാക്ഷി മുന്നറിയിപ്പ് കൊടുത്തു. അവള്‍ അത് കാര്യമാക്കാതെ സംസാരം തുടര്ന്നു.

ഓഫീസ് വിട്ടു ഹോസ്റ്റലില്‍ എത്തിയാലുടനെ തന്നെ നെറ്റിലൂടെ കാണുന്നവരാണ്..എന്നിട്ടാണ് ഓഫീസ് ഫോണിലൂടെയുള്ള ഈ കസര്‍ത്ത്. മീനാക്ഷി  പിറുപിറുത്തു.

ഓഫീസില്‍ ISD സൗകര്യം ഉണ്ടെങ്കിലും ഒരിക്കല്‍ പോലും കമ്പനി ആവശ്യത്തിനല്ലാതെ മീനാക്ഷി ആരെയും വിളിച്ചിട്ടില്ല . അതില്‍ നിന്നും അവളെ പിന്നോട്ട് വലിക്കുന്നത് മാസാവസാനം വരുന്ന ബില്ലാണ്. ആരെയും കളിപ്പിക്കാന്‍ കഴിയില്ല, വിളിച്ച നമ്പരും സമയവും എല്ലാം കൃത്യമായി രേഖപെടുത്തിയ ബില്ലാണ് അത്. വിളിച്ച കാളിനു തുല്യമായ പൈസ ശമ്പളത്തില്‍ നിന്ന് പിടിച്ചാലോ ,,

"മതി നിറുത്ത്.. ഇപ്പം ഈ കിട്ടുന്ന സൗകര്യം നീ ആയി ഇല്ലാതാക്കുമോ?"

മീനാക്ഷിയുടെ ശബ്ദത്തിനു അല്പം കനം ഉണ്ടായിരുന്നു.

"ഒന്നും ഉണ്ടാവില്ലടീ..."

"എന്ന് വെച്ച് പത്തും ഇരുപതും മിനിട്ടാണോ.. അതും ഗള്‍ഫിലോട്ടു... ബില്ല് വരുമ്പോ നീ ചക്ര ശ്വാസം വലിക്കും."

"അങ്ങെനെ ഒന്നും പേടിക്കണ്ട... നമ്മള്‍ക്ക് വിളിക്കാനായി കമ്പനി തന്നതാണ് ഈ ഫോണ്.  ബില്ലൊക്കെ കമ്പനി അടച്ചോളും. അല്ലെങ്കില്‍ തന്നെ നമ്മള്‍ എന്തിനാ ഇതെക്കെ തിരക്കുന്നത്".

മീനാക്ഷിക്ക് ആ മറുപടി അത്രയ്ക്ക് അങ്ങ് പിടിച്ചില്ല.   "ശമ്പളത്തില്‍ പിടിത്തം വീഴുമ്പം കരയരുത്"...

"പിടിത്തം.. മണ്ണാങ്കട്ട... അങ്ങനെയെങ്കില്‍ അവെരെന്തിനാ ISD ഇങ്ങനെ തുറന്നു വെച്ചിരിക്കുന്നത് .. അതങ്ങ്  ലോക്കിയാല്‍ പോരെ ..."

"അത്യാവശ്യം ഓഫീസ് കാര്യത്തിന് വിളിക്കാന്‍ വേണ്ടി ആയിരിക്കും" ...മീനാക്ഷി  തനിക്കു അറിയാവുന്ന രീതിയില്‍ പറഞ്ഞൊപ്പിച്ചു...

ആദ്യ ശമ്പളം കിട്ടാത്തതിനാല്‍ രണ്ടു പേര്‍ക്കും അതിനെ കുറിച്ച് വ്യക്തമായ ധാരണയില്ല.

പിടിത്തം ഉണ്ടാകുമെന്ന് മീനാക്ഷിയും   ഇല്ലെന്നു റസിയയുo     ഉറച്ചു വിശ്വസിച്ചു.. അവര്‍ ആദ്യ ശമ്പളത്തിനായി കാത്തിരുന്നു...