Tuesday 29 May 2012

തിരു ശേഷിപ്പ് (ഭാഗം – മൂന്ന്‍)


മൊബൈലിലും വാച്ചിലും അബി മാറി മാറി നോക്കി, ബസ്സിനോടൊപ്പം സമയവും വളരെ വേഗതയിലാണ്, ഏതാനും മണിക്കൂറുകള്‍ കഴിയുമ്പോള്‍ താന്‍ മംഗളാം കുന്നില്‍ എത്തും, അബി തന്റെ കയ്യിലിരുന്ന ഫയലിലേക്ക്  നോക്കി,

അതിലെ ചില താളുകളില്‍   അവന്റെ കണ്ണുകള്‍ ഉടക്കി , അവന്‍റെ മുഖം പ്രസ്സന്നമായി.

വഴിയില്‍ നിന്നും ബസ്സില്‍ ആരെക്കെയോ കയറുന്നു, ചിലര്‍ ഇറങ്ങുന്നു, കയറിയവരില്‍ കൂടുതലും സ്ത്രീകളാണ്, കാറ്റിന്റെ തലോടലില്‍ അബി ഓര്‍മ്മകളിലേക്ക് വീണു ,

ആറാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് പപ്പയും മമ്മിയോടൊപ്പം ആദ്യമായി മംഗളാം കുന്നില്‍ വരുന്നത്, അന്ന് വല്യമ്മച്ചി മാത്രമായിരുന്നു തറവാട്ടു ബംഗ്ലാവില്‍, ചുളുവിനാല്‍ മുഖത്ത്  പ്രായം എഴുതി വെച്ചിട്ടുണ്ടെങ്കിലും നല്ല പ്രസരിപ്പായിരുന്നു, നര കയറാത്ത മുടി ഇഴകള്‍, അപവാദമായി നാലെ നാലെണ്ണം, സ്വര്‍ണ്ണ നിറം,

അത് സ്വര്‍ണ്ണ നാരു തന്നെയാണെന്ന് വല്യമ്മച്ചി പറഞ്ഞു വിശ്വസിപ്പിച്ചു..മരിക്കുന്നതിനു മുമ്പുള്ള വല്ല്യപ്പച്ചന്റെ തലോടുകള്‍ ആണ് അതിനെ സ്വര്‍ണ്ണ വര്‍ണ്ണ മാക്കിയത്..

ആ വിശ്വാസത്തില്‍ ആണ് വല്യമ്മച്ചി ഉറങ്ങി കിടന്നപ്പോള്‍ ആരും കാണാതെ ആ മുടിയിഴകള്‍ മുറിച്ചു ഒരു ചെറിയ ഡപ്പിയിലാക്കി വെച്ചത്,

തിരികെ പോയപ്പോള്‍ അത് എടുക്കാന്‍ മറന്നു പോയി, വല്യമ്മച്ചിക്ക് കൂട്ടായി പപ്പയുടെ അപ്പച്ചനെയും അമ്മച്ചിയെയും കൂടി  തറവാട്ടു ബംഗ്ലാവിലേക്ക് താമസം മാറ്റി,.....

"കുഞ്ഞേ അല്‍പ്പം ഒന്ന് നീങ്ങിയെ", അബി ഞെട്ടി ഉണര്‍ന്നു, ഒഴിഞ്ഞു കിടന്ന സീറ്റിലേക്ക് നോക്കി ഒരു വല്യമ്മ, പ്രായം അറുപതിന് മേലില്‍ കാണും,

അവര്‍ക്ക് കൂടി ഇരിക്കാന്‍ പാകത്തിന് അബി അല്പം നീങ്ങിയിരുന്നു.

കുഞ്ഞെങ്ങോട്ടാ ,

മംഗളാം കുന്നിലേക്ക്,

....അപ്പം തിരുനാള്‍ ധ്യാനത്തിനാ അല്ലെ, ഇവരെല്ലാം അങ്ങോട്ടേക്കാ,
എവിടുന്നെല്ലാം ആളു വരുന്നെന്നു കുഞ്ഞിനറിയോ....എന്തെക്കെ അത്ഭുതമാ നടക്കുന്നെ,.. അല്ല കുഞ്ഞെന്തു മോഹിച്ചാ, നല്ല കല്യാണം, ജോലി, ..അവരുടെ വിറയ്ക്കുന്ന ശബ്ദത്തിലും നല്ല ആവേശം..

......ചില പേപ്പറുകള്‍ ശരിയാക്കണം, അതിനു ചിലരുടെയെക്കെ ഒപ്പ് വേണം, അബി ഫയലില്‍ നോക്കി മറുപടി പറഞ്ഞു,...അല്ല അവിടെ ആരുടെ തിരുനാളാ...

......കുഞ്ഞു ഈ നാട്ടില്‍ വന്നിട്ട് കൊറേ നളായെന്നു തോന്നുന്നല്ലോ, ഇവടെ നടന്ന അത്ഭുതം ഒന്നും അറിഞ്ഞില്ലല്ല്യോ....കുഞ്ഞെവ്ടുന്നാ വരണത്...

...അങ്ങ് ബോംബെന്നു...ജനിച്ചതും വളര്‍ന്നതുമെല്ലാം അവിടെയാ, കുഞ്ഞുനാളില്‍ അപ്പന്റെയും അമ്മേടൊപ്പം വന്നിട്ടുണ്ട് .......എന്തല്ഭുതമാ നടന്നെ..

...അത് കുഞ്ഞേ,

...വിശുദ്ധനാക്കപെട്ട സക്കറിയാച്ചനെ അറിയുമോ,, മോനി കടലാസ്സോന്നു വായിച്ചേ...
സഞ്ചിയില്‍ കരുതിയിരുന്ന ഒരു കടലാസ്സെടുത്തു അബിയുടെ നേര്‍ക്ക്‌ നീട്ടികൊണ്ടവര്‍ പറഞ്ഞു,

അവന്‍ അതിലൂടെ കണ്ണോടിച്ചു,

പ്രിയ വിശ്വാസികളെ,
വിശുദ്ധനാക്കപെട്ട സക്കരിയാച്ചന്റെ തിരുന്നാള്‍ കൊണ്ടാടുന്ന ഈ പവിത്ര മാസത്തില്‍.......
കട്ടിയുള്ള സാഹിത്യ ഭാഷ മുന്നോട്ടുള്ള അവന്റെ വായനെയെ നിരുല്സാഹപെടുത്തി…

അല്ല ആരാ ഈ സക്കറിയാച്ചന്‍...

അത് ആ ഇടവകയിലെ വികാരി ആയിരുന്നു..

അപ്പൊ ഈ അവറാച്ചന്‍..

ഇടവകയിലെ  ഒരംഗവും... പള്ളിയില്‍ കേറാത്ത മനുഷ്യന്‍..ആറടി അവറാന്‍ എന്നാ ആളുകള്‍ വിളിച്ചിരുന്നത്‌..

അതെന്താ.. പുള്ളിക്ക് അത്രേക്കും നീളമാ..

ഏയ്‌. അതൊന്നുമല്ല , ഒരു ഈസ്റ്റര്‍ നാളില്‍ ഏതോ ഒരു  മത്തായിടെ വേലി മാറ്റി വെച്ചന്നോ അങ്ങനെ എങ്ങനയോ   കിട്ടിയതാണ്... അതൊന്നും ആ കാര്‍ഡി കാണില്ല, നാട്ടുകാരീന്നുള്ള കേട്ടറിവാ...

മോന്റെ കല്യാണത്തിനെങ്കിലും  പള്ളി കേറൂന്നായിരുന്നു ഇടവകക്കാര് നേമിച്ചത് ,

എന്നിട്ട് അന്നെങ്കിലും  പോയോ...

എവിടെ പോകാന്‍, അതിനു ആ തെറിച്ച ചെറുക്കന്‍ അവസരം കൊടുക്കണ്ടേ..ഏതോ ഒരു പുതുവര്‍ഷത്തിന്റെ അന്ന്  അവന്‍ അയലത്തെ പെണ്ണുമായി അങ്ങ് ഒളിചോടിന്നെ....

എന്നിട്ട് ....

...അങ്ങനെ ഇരിക്കെ ഒരിക്കല്‍ മരണാസ്സന്ന നിലയില്‍ കിടക്കുന്ന അച്ഛന് അവറാനെ കാണണമെന്നു തോന്നി. പൌലോസ്ലീഹ സ്വപ്നത്തില്‍ ദര്‍ശിച്ചതാണെന്നാ നാട്ടാര് പറയുന്നേ...

അപ്പോ  പോയോ...അബിക്ക് അകാംശയായി..

പോയെന്നെ ... അതിനാലല്ലേ ഈ അത്ഭുതം ഉണ്ടായത്.. കുഞ്ഞു ആ കടലാസ്സോന്നു വായിച്ചേ..ആ നീല നിറത്തിലെഴുതിയേക്കുന്ന..

അവന്റെ കണ്ണുകള്‍ നീല മഷിയിലൂടെ പാഞ്ഞു...

"പള്ളിമേടയില്‍ വന്ന അവറാനോട് സക്കരിയാച്ചന്‍ കുമ്പസ്സരിക്കാന്‍ ആവശ്യപ്പെട്ടു, അച്ഛന്റെ അവസാന ആഗ്രഹമാണെന്ന് അറിഞ്ഞിട്ടു കൂടി അവറാന്‍ അത് നിഷേധിച്ചു, നീ ഇപ്പോള്‍ കുംബസ്സരിക്കാന്‍ തയ്യാറായാല്‍ എന്നിലുള്ളതില്‍ നിന്ന് നീ ആവശ്യപെടുന്നത് എന്തും ഞാന്‍ ഞാന്‍ നിനക്ക് നല്‍കും,......

കടലാസിലെ വരികള്‍ക്ക് മടക്കു കാരണം വ്യക്തത നഷ്ടപെട്ടിരുന്നു...

...എന്നിട്ട് അയാള്‍ എന്താ ചോദിചെ..

അതെല്ലേ രസം.. അയാള്‍ക്ക്‌  അച്ചന്റെ നരച്ച താടിയില്‍ നിന്ന് നാലു രോമങ്ങള്‍ വേണമെന്ന്....അച്ചന്‍ കൊടുത്തെന്നെ ..അപ്പ തന്നെ അച്ഛന്‍ മരിച്ചു. പുള്ളിക്കാരന്‍ അത് വീട്ടി കൊണ്ടുപോയി ഒരു ഡപ്പിയില്‍ സൂക്ഷിച്ചു വെച്ചു..

മങ്ങിയ വരികള്‍ മാറി തെളിച്ചമുള്ള അക്ഷരങ്ങളിലേക്ക് അബിയുടെ കണ്ണുകള്‍ പതിച്ചു..

ഒരുനാള്‍ അവറാന്റെ ഭാര്യ മറിയാമ്മയുടെ കൈ തട്ടി ആ ഡപ്പി താഴെ വീണു പൊട്ടിച്ചിതറി.. അതില്‍ ഒരു മീറ്ററോളം നീളമുള്ള നാല് സ്വര്‍ണ്ണ മുടികള്‍...

പ്രിയ വിശ്വാസികളെ ഇത് അത്ഭുതം അല്ലാതെ മറ്റെന്താണ്...

....കുഞ്ഞേ സ്ഥലായി..

അബി മംഗളാം കുന്നില്‍ ഇറങ്ങി...താന്‍ കുട്ടിക്കാലത്ത് വന്ന വല്യപ്പച്ചന്റെ വീടും പരിസരവും ഒരു തിരുനാള്‍ ആഘോഷത്തിന്റെ ലഹരിയില്‍ മുങ്ങി നില്‍ക്കുന്നു.. വീടിന്റെ ഗേറ്റിനു മുന്പില്‍ വെച്ചിരിക്കുന്ന ഒരു വലിയ ഫ്ലെക്സ്‌ ബോര്‍ഡില്‍ വെളുത്ത അക്ഷരങ്ങളാല്‍ "വിശുദ്ധ സക്കറിയാച്ചന്റെ തിരുശേഷിപ്പ് കുടികൊള്ളുന്ന പുണ്യ സ്ഥലം" എന്നെഴുതിയിരിക്കുന്നു

കയ്യിലിരുന്ന ഫയലിലെ താളുകളില്‍ ഒരിക്കല്‍ കൂടി അവന്‍ കണ്ണോടിച്ചു.."

......വീട്ടില്‍ മത്തായി മകള്‍ ലിസ്സി എന്ന ഞാന്‍ എന്റെ പൂര്‍ണ്ണ സമ്മതത്തോടെ എന്റെ മകനായ അബി അലക്സ്‌ മത്തായിക്ക് എഴുതികൊടുക്കുന്ന ഇഷ്ടദാനം........

 കണ്ണുകളില്‍ ഇരുട്ടുകയറുന്നത് പോലെ അവനു തോന്നി.....

(ശുഭം)

Monday 28 May 2012

തിരു ശേഷിപ്പ് (ഭാഗം – രണ്ട്)



(ഭാഗം – രണ്ട്)

ഇന്ന്, അതായത് രണ്ടായിരത്തി ഇന്ന്

മണി പത്തു കഴിഞ്ഞു , ഇനി ഏതാനും മണിക്കൂറുകള്‍  കഴിയുമ്പോള്‍ ലോകം ഒരു പുതുവര്‍ഷത്തിലേക്ക് കടക്കുകയാണ്, ഓരോ ചാനലുകളിലും വ്യത്യസ്തമായ പരിപാടികള്‍, അലെക്സ് ചാനലുകള്‍ ഓരോന്നായി മാറ്റി കൊണ്ടിരുന്നു അതിലൊന്നും തന്നെ അവനു താല്പര്യം തോന്നിയില്ല, മേശ മേലിരിക്കുന്ന മൊബൈലില്‍ ആണ് അവന്റെ ശ്രദ്ധ,

പള്ളിയില്‍ ആണ്ടറുതി യുടെ കുര്‍ബാന നടക്കുകയാണ്, അവറാനും  മറിയാമ്മയും നേരത്തെ തന്നെ പള്ളിയില്‍ പോയിരുന്നു, ഇടവകയിലെ ഒട്ടുമിക്ക ആളുകളും ഇപ്പോള്‍ പള്ളിയിലാണ്, ഇങ്ങനെ ഒരു അവസരത്തിന്നായി അവന്‍ ഒരു പാട് നാളായി കാത്തിരിക്കുന്നു. മൊബൈല്‍  മണി പതിനൊന്നായി എന്നറിയിച്ചു കൊണ്ട് ചെറിയ ഒരു ശബ്ദം ഉണ്ടാക്കി, അവന്‍ നേരത്തെ തയ്യാറാക്കി വെച്ചിരുന്ന ബാഗും കയ്യിലെടുത്തു പതുക്കെ പുറത്തേക്ക് നടന്നു,

എങ്ങും കൂരിരുട്ടു, മൊബൈലിന്റെ വെട്ടത്തില്‍ അലക്സ്‌, മത്തായി ചേട്ടന്‍റെ പറമ്പിനെ വേര്‍തിരിക്കുന്ന മതിലിനെ ലെക്ഷ്യമാക്കി നടന്നു,.

അങ്ങ് കവലയില്‍ പടക്കം പൊട്ടിക്കുന്ന ശബ്ദം കേള്‍ക്കാം , ചിലതൊക്കെ മാനത്തേക്ക് പൊങ്ങി പല കളറായി ചിത്രം വരച്ച് ചിതറി ഒടുങ്ങി.


മതിലിനപ്പുറം  നീണ്ടു പരന്നു കിടക്കുന്ന വിശാല ഭൂമിയില്‍ , വീടിനെ മറച്ചു വളരുന്ന റബ്ബര്‍ മരങ്ങള്‍, നിലാവിന്റെ വെട്ടത്തില്‍ അതെല്ലാം അലെക്സിനു വ്യക്തമായി കാണാം, അവന്‍  നിഗൂഡമായി ഒന്ന് ചിരിച്ചു, പള്ളി കഴിഞ്ഞു ആളുകള്‍ വരുന്നതിനു മുമ്പ് തന്റെ പദ്ധതി നടപ്പിലാക്കണം,……

മത്തായിയും അന്നാമ്മയും ആണ്ട് കുര്‍ബാനക്ക്  മാത്രമല്ല പള്ളിയില്‍ പോയത്, അവരുടെ ഏക മകള്‍ ലിസ്സിയുടെ കല്യാണ കാര്യം അച്ഛനുമായി സംസാരിക്കന്‍ കൂടിയായിരുന്നു,

" ഈശോ മിശാക്ക് സ്തുതിയായിരിക്കട്ടെ "  

"ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ "
...മത്തായി കയറി ഇരി, എന്താ അന്നാമ്മ  കൊച്ചും ഉണ്ടല്ലോ, അള്‍ത്താരയില്‍ നില്ക്കുമ്പോ ഞാന്‍ കണ്ടിരുന്നു,  എവിടെ ലിസ്സി മോള്,

....അച്ചാ അവളുടെ കാര്യം പറയാന്‍ തന്നാ മേടയിലോട്ടു വന്നത്,

....എവിടെ അവള്‍,...

....അങ്ങേലെ ഗ്രേസ്സിക്കൊപ്പം  നിപ്പോണ്ട്....അന്നാമ്മയാണ് അത് പറഞ്ഞത്,

....അച്ചാ, ആണായും പെണ്ണായും ഞങ്ങള്‍ക്ക് ഒന്നേ ഉള്ളൂ, അച്ചനറിയാല്ലോ , രണ്ടു അറ്റാക്ക്‌ കഴിഞ്ഞിരിക്കാ ഞാനെന്നു,  ഈ വര്ഷം അവസ്സാനിക്കുന്നതിനു മുമ്പ് അവളെ കെട്ടിക്കണം എന്നായിരുന്നു ആഗ്രഹം, എന്റെ മാത്രല്ല മരിക്കുന്നതിനു മുന്‍പ്‌ വല്യാപ്പനും അങ്ങനെ തന്നാ പറഞ്ഞത്,  പല കാരണത്താല്‍ അത് നടന്നില്ല, ഈ വര്ഷം അങ്ങട്‌ തീരുന്നതിനു മുമ്പ് തീയതി എങ്കിലും തീരുമാനിക്കണം,

....മത്തായി എന്താ ഈ പറയുന്നേ, ഇനിയിപ്പോ തീയതി എക്കെ തീരുമാനിക്കാന്‍, അതിനു ചെറുക്കനെ ഒക്കെ വേണ്ടേ..

....സണ്ണി കുട്ടിയെ അച്ചനറിയില്ലേ,..ഡോക്ടര്‍ സാമുവേലിന്റെ മൂത്ത മകന്‍, അവന്‍ ഇന്നലയാണ്  അമേരിക്കയില്‍ നിന്ന് വന്നത്. കഴിഞ്ഞ മാസം ചെക്കപ്പിന് പോയപ്പോള്‍ ഡോക്ടര്‍ തന്നെയാണ് ഇങ്ങനെയൊരു പ്രൊപ്പോസല്‍ പറഞ്ഞത്, അവര്‍ക്കെല്ലാം ലിസിയെ ഇഷ്ടാന്നു.,

.....പിന്നെ അവനെ ഞാന്‍ അറിയില്ലേ, എന്തോരു ക്വയര്‍ പാടിപ്പിച്ചതാ,.. ആരാധനക്ക് ഉണ്ടായിരുന്നു എന്ന് തോന്നുന്നു. എന്നാ ശരി പിള്ളേരെ വിളിക്ക്, അവര്‍ക്ക് ഇഷ്ടമുണ്ടോന്നു അറിയാണ്ട് , നിങ്ങള്‍ മൂപ്പിലാന്‍ മാര്‍ അങ്ങ് തീരുമാനിച്ചാ മതിയോ.

അന്നാമ്മ ലിസിയുടെ അടുക്കലേക്കും മത്തായിച്ചന്‍ ഡോക്ടറെ തിരക്കി പള്ളിക്കുള്ളിലേക്കും  പോയി,

സൈലന്റ് മോഡില്‍ കിടന്ന അലെക്സിന്റെ ഫോണ്‍ കത്തി അണയാന്‍ തുടങ്ങി, അവന്‍ അതിലേക്ക്   സൂക്ഷിച്ചു നോക്കി, അതെ പ്രതീക്ഷിച്ചിരുന്ന കാള്‍ തന്നെ , അവന്‍ ഫോണ്‍ ഓഫാക്കി  രണ്ടു കല്‍പ്പിച്ചു മതിലിനരികിലൂടെ റോഡിലേക്ക് നടന്നു,

അങ്ങ് ദൂരെ ചില ആളനക്കം, അവന്‍ കരുതലോടെ പതുക്കെ മുന്നോട്ടു നടന്നു, ബാഗിന്റെ വള്ളികള്‍ മുറുകെ പിടിച്ചു, കാലനക്കം അടുത്തുകൊണ്ടേയിരുന്നു,

വന്ന ആളിനെയും കൂട്ടി അലക്സ്‌ റബ്ബര്‍ കാടിനെ കീറിമുറിച്ചു പോകുന്ന ചെമ്മണ്‍ പാതയിലൂടെ അതി വേഗതയില്‍ പാഞ്ഞു,  അപ്പോള്‍ പുതു വര്ഷം അറിയിച്ചു കൊണ്ട് പള്ളിമണി പന്ത്രടിച്ചു,

അന്നുമുതല്‍ ലിസ്സി, ലിസ്സി അലക്സ്‌ എന്നായി. ആ വിവരം അറിഞ്ഞ മത്തായിച്ചന് നാലാമതൊരു അറ്റാക്കിനായി കാത്തിരിക്കേണ്ടി വന്നില്ല.

(തുടരും)

Thursday 24 May 2012

തിരു ശേഷിപ്പ് (ഭാഗം - ഒന്ന്)


( ഭാഗ - ഒന്ന്)

അന്ന് അതായത് ആയിരത്തി തൊള്ളായിരത്തി അന്ന്.

തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അവറാന്‍ ഉറക്കം വന്നില്ല, അല്ലെങ്കില്‍ തന്നെ ഉറങ്ങാന്‍ ആയിരുന്നില്ല അയാള്‍ കിടന്നത്,  ഭാര്യ മറിയാമ്മയും, മകന്‍ അലക്സും പാതിരാ കുര്‍ബാനയ്ക്ക് പോയിരിക്കുകയാണ്, അകലെ പള്ളിയില്‍ നിന്നും അച്ഛന്റെ പ്രസംഗം ചെറിയ തോതില്‍ അവറാന്റെ  ചെവിയിലും എത്തുന്നുണ്ട്, നാളെ ഈസ്റ്റര്‍ ആണ് ,

അവറാന്‍ ഒഴിച്ച് ഇടവകയിലെ എല്ലാവരും തന്നെ പാതിരാ കുര്ബാനക്കായി നേരത്തെ പള്ളിയില്‍ എത്തിച്ചേര്‍ന്നിരുന്നു,

ഈ അവസരത്തിന് വേണ്ടിയാണു അയാള്‍ കാത്തിരുന്നത്‌, വര്‍ഷത്തില്‍ ഒരു ദിവസം മാത്രം കിട്ടുന്നത്, ഭിത്തിയില്‍ തൂങ്ങികിടന്നിരുന്ന ഘടിഘാരത്തില്‍ നിന്ന് മണി പതിനോന്നായെന്നുള്ള അറിയിപ്പ് കിട്ടി, അവറാന്‍ തോര്‍ത്തുമുണ്ടും എടുത്തു പതുക്കെ വെളിയിലെക്കിറങ്ങി, നേരത്തെ കളീലില്‍ സൂക്ഷിച്ചിരുന്ന ആയുധങ്ങളുമായി പുറത്തേക്കു നടന്നു,

നാട്ടിലെ അറിയപ്പെടുന്ന പണക്കാരനാണ് മത്തായി, ഭാര്യ അന്നാമ്മയും മകള്‍ ലിസ്സിയോടപ്പം അദ്ധേഹവും പള്ളിയില്‍ പോയിരിക്കുകയാണ്, ലിസ്സി ജനിച്ചതിനു ശേഷം ഇന്നേവരെ പള്ളിയുമായി ബന്ധപെട്ട ഒരു കാര്യവും മത്തായി മുടക്കിയിട്ടില്ല, ഒരിക്കലും ഒരു പിതാവാകാന്‍  കഴിയില്ല എന്ന് കരുതി നിരാശയോട് കഴിഞ്ഞിരുന്ന നീണ്ട പത്തുവര്‍ഷം, ലിസ്സിയെന്ന ദൈവ ദാനം അന്നാമ്മയിലൂടെ സക്ഷാല്‍കരിക്കാനായി ചെയ്ത നേര്‍ച്ചകള്‍, ചികില്‍സകള്‍, സ്നേഹിക്കാനും ലാളിക്കാനും ഒരു കുഞ്ഞു, ഈ കണ്ട സ്വത്തിനൊക്കെ ഒരു അവകാശി,  അതിനെല്ലാം ഉപരി തന്റെ പാരമ്പര്യം കെടാതെ സൂക്ഷിക്കാനുള്ള കൈത്തിരി. അതിനെല്ലാമുള്ള ഒരേ ഒരു ഉത്തരം ആയിരുന്നു ലിസ്സി,

ദൈവ പുത്രന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് നാളിലായിരുന്നു ലിസിയുടെ ജനനം, മൂന്നു വര്ഷം മുമ്പുള്ള ഒരു ദുഖവെള്ളി നാളില്‍ നിറ വയറോടെ പള്ളിയിലേക്ക് വന്ന അന്നമ്മയെ സക്കറിയ അച്ഛന്‍ സ്നേഹത്തോടെ ശാസിച്ചു, " കുഞ്ഞേ നീ ഇത്രയും കഷ്ടപ്പെട്ട് എന്തിനാ പള്ളിയിലേക്ക് വന്നെ, അതും ഉപവസിചോണ്ട്"

ഇല്ലച്ചോ, സാമുവേല്‍ ഡോക്ടര്‍ പറഞ്ഞത് തിങ്കളാഴ്ച കഴിയുമെന്നാ , എന്നാ പിന്നെ വെറുതെ ഒരു ആരാധന കളയണ്ടാന്നു വെച്ചു, അതാ അചാനെയും കൂട്ടി ഇങ്ങു പൊന്നെ....

തിങ്കളാഴ്ച വരെ കാത്തിരിക്കേണ്ടി വന്നില്ല അതിനു ഒരുദിവസം മുമ്പ് അതായത് ഈസ്റ്ററിന്റെ അന്ന് രാവിലെ സാമുവേല്‍ ഡോക്ടറുടെ പ്രവചനം തെറ്റിച്ചു കൊണ്ട് ലിസ്സി ഭൂജാതയായി.

അവറാന്റെ പറമ്പ് അവസ്സാനിക്കുന്നിടത്താണ് മത്തായിയുടെ പറമ്പ്‌ തുടങ്ങുന്നത്, ചുറ്റുപാടുമുള്ള നിശബ്ദത ഭേദിച്ചുകൊണ്ട് അച്ഛന്റെ പ്രസംഗം വ്യക്തമല്ലാതെ കേള്‍ക്കാം, പറമ്പുകളെ പരസ്പരം  വേര്‍തിരിക്കുന്ന വേലിക്കരികില്‍  അവറാന്‍ അല്‍പ സമയം നിന്ന്, ചുറ്റും ഒന്ന് കണ്ണോടിച്ചു, അയല്‍ വീടുകളില്‍ ഒന്നും ആരും ഇല്ല,

മുന്നിലായി നീണ്ടു പരന്നു കിടക്കുന്ന വിശാല ഭൂമി, തെങ്ങ്, മാവ്, പ്ലാവ്, തുടങ്ങിയ വൃക്ഷ ലതാതികള്‍ സമര്‍ദ്ധമായി വളരുന്നു, നിലാവിന്റെ വെട്ടത്തില്‍ അതെല്ലാം അവറാന്‍ വ്യക്തമായി കാണാം, അയാള്‍ നിഗൂഡമായി ഒന്ന് ചിരിച്ചു, പള്ളി പിരിഞ്ഞു ആളുകള്‍ വരുമ്പോഴേക്കും കാര്യം സാധിച്ചു തിരികെ പോകണം,

അതിര്‍ത്തി തിരിച്ചു  വെച്ചിരുന്ന മുള്ള് വേലിക്കിടയിലൂടെ അയാള്‍ തികഞ്ഞ ഒരു അഭ്യാസിയെ പോലെ മത്തായിയുടെ  പറമ്പിലേക്ക് ഊര്‍ന്നിറങ്ങി.

....ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ അറിയുന്നില്ല....പ്രസംഗം തകര്‍ക്കുക്കയാണ്,

വേലിയില്‍ നിന്ന് മത്തായിയുടെ പറമ്പിലേക്ക് ആറു ചുവടുകള്‍   കൃത്യമായി അളന്നു. തോര്‍ത്തുമുണ്ട് എടുത്തു തലയില്‍ കെട്ടി,  കൂടെ കരുതിയിരുന്ന കൈക്കോട്ട് കൊണ്ട് അവിടെ ആഞ്ഞു വെട്ടി, അത് മണ്ണിലേക്ക് ആഴ്ന്നിറങ്ങി. ...........ഒന്ന്,,രണ്ട്,,,മൂന്ന്‍,...........

അച്ഛന്റെ പ്രഭാക്ഷണം അവസ്സാനിക്കാറായി, തിരക്കുള്ളവര്‍ ഓരോന്നായി പള്ളിയില്‍ നിന്നിറങ്ങി........ രാവിലെ വീണ്ടും കുര്‍ബാനയ്ക്ക് പോകേണ്ടത് കൊണ്ട് എല്ലാവരും തന്നെ വേഗത്തിലാണ് നടത്തം, ഈസ്റ്റര്‍ പോത്തിനെ ബുക്ക്‌   ചെയ്യാത്തവര്‍ അതിന്റെ തിരക്കിലും,

അവറാന്‍ നിന്ന്  കിതയ്ക്കുകയാണ്, അയാള്‍ ആ കുഴിക്കു മേലെ  ഒരു  തൂമ്പ മണ്ണ് കൂടി വെട്ടിയിട്ട് അതിനെ കാലുകള്‍ കൊണ്ട് അമര്‍ത്തി താഴ്ത്തി,....ചുറ്റുപാടും ചിതറി കിടന്നിരുന്ന കരിയിലകള്‍ അതിലേക്കു വലിച്ചടുപ്പിച്ചു, ശരീരത്തു അങ്ങിങ്ങ് പറ്റി പിടിച്ചിരിക്കുന്ന ചോരക്കറ തോര്‍ത്തു കൊണ്ട് വൃത്തിയാക്കി , ആയുധങ്ങളും  എടുത്തു അയാള്‍ കിണറ്റിന്‍ കരയിലേക്ക് ഓടി, മൂന്നാല് തൊട്ടി  വെള്ളം കോരി മേലാകെ ഒഴിച്ചു,

ആളുകളുടെ ശബ്ദം അടുത്ത് വരുന്നു. അയയില്‍ കിടന്നിരുന്ന ഒറ്റ മുണ്ടെടുത്തു ദേഹമാസകലം തുടച്ചിട്ടു അയാള്‍ പതിയെ കട്ടിലിലേക്ക് ചരിഞ്ഞു,

അപ്പോള്‍ അയാളുടെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ന്നു..

തന്റെ പറമ്പ് ആറടി കൂടി വളര്‍ന്നിരിക്കുന്നു, അടുത്ത ഈസ്റ്റര്‍ കാലം ഓര്‍ത്തു കിടക്കെ അയാള്‍ മെല്ലെ മയക്കത്തിലേക്ക്‌ വീണു. 

(തുടരും)