Monday 6 December 2010

ലെക്ഷ്മി ഏടത്തി

ഏട്ടന്‍ ലീവിന് വരുമ്പോഴെക്കെ ഞാന്‍ അഭിമുഖീകരിക്കാന്‍ ഭയപെടുന്നത് അയല്‍ക്കാരി ലെക്ഷ്മി ഏടത്തിയെ ആണ്. എന്നും കാണുംപോള്‍ എന്നോട് ചോദിക്കും ,
എന്നാ നിന്റെ കെട്ടിയവന്‍ വരുന്നേ, ?
അടുത്ത മാസം, .... ഉത്തരം പറയുന്നതിന്  മുമ്പേ ലെക്ഷ്മി ഏടത്തി അടുത്ത ചോദ്യത്തിലേക്ക് കടക്കും...
ഇപ്രാവശ്യവും പത്തു ദിവസായിരിക്കും.. അല്ലേ. !!! പോകുമ്പോ നിന്നെ കൂടി കൂട്ടോ??.
...അറിയില്ല ഞാന്‍ മനുവേട്ടനോട് ഇന്നേ വരെ ചോദിച്ചിട്ടില്ലാ...എന്‍റെ മറുപടി ലെക്ഷ്മി ഏടത്തിയെ നിരാശപെടുത്തി.
അല്ല കുഞ്ഞേ , നമ്മളാണ്  ഇതിനെക്കെ മുന്‍ കൈയി എടുക്കേണ്ടത്.. അതിയാന്‍ നാലുമാസം കൂടുമ്പോ പത്തു ദിവസം വന്നിട്ട് പോയാ മതിയോ. നിനക്കൂടെ  ഒരു വിസ എടുത്തു തരാന്‍ പറേന്നെ...
.....അടുത്തവരവിനു ശ്രമിക്കാം...
ഇതു നല്ല കൂത്ത്‌, നിങ്ങടെ കല്യാണം കഴിഞ്ഞിട്ട് അധിക നാളൊന്നും ആയില്ലലോ, ഏറിയാല്‍ ഒരു വര്ഷം, ഇപ്പൊ ഒരുമിച്ചു ജീവിചില്ലെങ്കില്‍ പിന്നെ എന്നാ, മൂക്കി പല്ല് കിളിര്ത്തട്ടോ?...
അല്ലെങ്കി തന്നെ ഇതേപോലൊരു അവസരം ഇനി കിട്ടുമോ, പുള്ളിക്കാരന്റെ അച്ഛനും അമ്മയേയും നോക്കാന്‍ വേറെ മരുമക്കള്‍ ഉണ്ടല്ലോ...
ലെക്ഷ്മി ഏടത്തി പറഞ്ഞത് ശരിയാണ്, കൂടെ പഠിച്ചവരില്‍ പലരും ഇപ്പൊ ഖത്തറിലും ബഹറിനിലും എക്കെ ആണ്.  ഞാന്‍ അടുത്ത വിളിക്കായി കാത്തിരുന്നു.
മനു വേട്ടനോട്  വിസയുടെ കാര്യം സൂചിപ്പിക്കുംപോഴെല്ലാം ലെക്ഷ്മി ഏടത്തിയുടെ നന്മ നിറഞ്ഞ മുഖം മനസ്സില്‍ വരും.  എത്ര നല്ല സ്ത്രീ, എന്നേക്കാള്‍ പത്തു പന്ത്രണ്ടു വയസ്സ് മൂപ്പോണ്ട്, അവരോടു സംസാരിക്കുമ്പോഴെല്ലാം ഗള്‍ഫില്‍ പോകാനുള്ള എന്‍റെ ആഗ്രഹം കൂടി കൂടി വന്നു.
ജീവിത പ്രാരാബ്ധങ്ങള്‍  ഒന്നന്നായി വരുമ്പോള്‍ ദാമ്പത്യ ജീവിതത്തിലെ സന്തോഷം പതിയെ പിറകോട്ടു പോകും..അവര്‍ ഓര്‍മ്മ പെടുത്തിയിരുന്നു.
അങ്ങനെ പ്രതീക്ഷിച്ചിരുന്ന ദിവസം വന്നെത്തി, മനുവേട്ടന്‍ വന്നത് ഫാമിലി വിസയുമായിട്ടാണ്. ആ സന്തോഷ വാര്‍ത്തയുമായി ഞാന്‍ ആദ്യമോടിയത്‌ ലെക്ഷ്മി ഏടത്തിയുടെ  അടുക്കലേക്ക് ആണ് .
...നീ പോകയാണ് ,...  അവരുടെ ശബ്ദം അല്പം ഇടറിയത്‌ പോലെ തോന്നിച്ചു.. അപ്പൊ മനുവിന്റെ അച്ഛനേം അമ്മേം ആരു നോക്കും,, അല്ലെങ്കില്‍ തന്നെ ഇപ്പോഴത്തെ പെണ്ണുങ്ങള്‍ക്ക്‌ അതിനാ നേരം....  വയസ്സാം കാലത്ത്  അവരുടെ വിധി... ഛെ കഷ്ടം..
......
മനുവേട്ടനോടൊപ്പം ഫ്ലയിറ്റില്‍ ഇരിക്കുമ്പോള്‍ ലെക്ഷ്മി ഏടത്തിയുടെ പുച്ഛം കലര്‍ന്ന മുഖമായിരുന്നു എന്‍റെ മനസ്സില്‍......

Monday 8 November 2010

എന്റെ ചൈന

പ്രസാദേട്ടന്‍ ഞങ്ങളുടെ കുടുംബത്തിലെ ഒരംഗം പോലെയായിരുന്നു. കുട്ടിക്കാലം മുതല്‍ക്കേ പരിചയമുള്ള മുഖം. തികഞ്ഞ കമ്മ്യുണിസ്റ്റ് ഭക്തന്‍, മാതൃ രാജ്യത്തെക്കാളും ചൈനയോടാണ് പ്രിയം. അറബിക്കഥയിലെ "ക്യുബാ മുകുന്ദന്‍ " പ്രസാദേട്ടന്റെ ഏഴയലത്ത് വരില്ല. കമ്മ്യുണിസ്റ്റ് ആശയത്തില്‍ അടിയുറച്ച ജീവിതത്തിനിടയില്‍ ഉണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി പുള്ളിക്കാരനും കടല്‍ കടന്നു. കുത്തക മുതലാളിക്ക് മുമ്പില്‍ അഹോരാത്രം കടിനാദ്വാനം ചെയുമ്പോഴും മനസ്സ് സ്വാതന്ത്ര്യ തൊഴിലാളി ഐക്യത്തെ കുറിച്ചുള്ള പാവന സങ്കല്പത്തില്‍ ആയിരുന്നു.


ഗള്‍ഫുകാല അവധിയിലെ മിക്ക ദിവസങ്ങളിലും വൈകുന്നേരം അച്ഛനുമായി നീണ്ട സംവാദത്തില്‍ ഏര്‍പെടുന്നത് പ്രസാദേട്ടനു ഹരമാണ്. ചൈനയും ക്യുബയും മാറി മാറി വിഷയങ്ങളായി വരുമ്പോള്‍ ഒരു രസത്തിനു ഞങ്ങളും ഏറ്റുപിടിക്കും, തോല്പിക്കാം പറ്റുമെന്നുള്ള അമിതാവേശം ഞങ്ങള്കില്ലന്കിലും തീയതിയും കണക്കും വെച്ച് ഉരുളക്കുപ്പേരി പോലെ മറുപടികള്‍ വന്നുകൊണ്ടിരിക്കും.


ചൈനയില്‍ നടന്ന ഒള്യ്മ്പിക്സിനെ കുറിച്ച് പറഞ്ഞപ്പോള്‍ കല്മാടിയെ തൂക്കണംമെന്നാണ് പുള്ളിയുടെ അഭിപ്രായം, അഴിമതിയില്ലാത്ത, സ്വാതന്ത്ര്യ ബോധമുള്ള , പുരോഗമനാശയമുള്ള ചൈനയാണ് നാം മാതൃക യാക്കേണ്ടത് എന്നുള്ള അടിക്കുറിപ്പോടെ സംഭാഷണം അവസാനിപ്പിച്ച്‌ പ്രസാദേട്ടന്‍ പോകും,


അങ്ങനെയിരിക്കെ കഴിഞ്ഞദിവസം ഫോര്‍വേടായി കിട്ടിയ ഒരു മെയില്‍ എന്റെ കണ്ണില്‍ പെട്ടു. ഹാന്‍ എന്ന ഒരു ബ്ലോഗരെ കുറിച്ചുള്ള വാര്‍ത്തയായിരുന്നു അത്. ആക്ഷേപ ഹാസ്സ്യതിലൂടെ  ചൈനക്കുള്ളില്‍  നടക്കുന്ന അഴിമതിയും , സ്വജന പക്ഷപാതവുമെല്ലാം തുറന്നു കാട്ടുന്ന രാജനകള്‍ ആയിരുന്നു  ഹാനിന്റെ ബ്ലോഗിലുള്ളത്, കൂടുതല്‍ സെര്‍ച്ച്‌ ചെയ്തപ്പോള്‍ ദിവസവും നാല് നൂഡില്‍സ് പായ്കറ്റിനായി പന്ത്രണ്ടു മണിക്കൂറിലേറെ ജോലിനോക്കുന്ന തൊഴിലാളികള്‍ , നേഴ്സറി സ്കൂളില്‍ കടന്നു കയറി പിഞ്ചു കുഞ്ഞുങ്ങളെ അരുംകൊലചെയ്യുന്നവര്‍ , പൌര സ്വാതന്ത്ര്യവും പത്ര സ്വാതന്ത്ര്യവും നിശേധിച്ചു കൊണ്ടുള്ള സര്‍ക്കാരിന്റെ ഇടപെടലുകള്‍ , നോബല്‍ സമ്മാനം ലഭിച്ച വ്യക്തിയെ അനുകൂലിച്ചവരെ പോലും ജയിലില്‍ അടകുന്നവര്‍ , ഹാനിന്റെ ബ്ലോഗ്ഗിലൂടെ കിട്ടിയ അറിവുമായി ഞങ്ങള്‍ പ്രസാദേട്ടനെ കാത്തിരുന്നു,

 പഞ്ചായത്ത് തിരഞ്ഞെടുപ്പായിരുന്നു അന്നത്തെ വിഷയം, കമ്മ്യുണിസ്റ്റ് പാര്‍ട്ടിക്ക്  നേരിട്ട പരാജയത്തെ കുറിച്ച് അച്ഛന്‍ ചോദിച്ചപ്പോള്‍   തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ വിശ്വസിക്കുന്നില്ല എന്നായിരുന്നു മറുപടി, ചര്‍ച്ചയെ വഴിതെറ്റിച്ചു കൊണ്ട്  ഹാനിന്റെ ബ്ലോഗിനെ കുറിച്ചും ചൈനയിലെ സ്വാതന്ത്ര്യ മില്ലയമയെ കുറിച്ചും ഞാന്‍ വാതോരാതെ പറഞ്ഞു,

എല്ലാം നിശബ്ദം കേട്ടുകൊണ്ടിരുന്ന പ്രസാദേട്ടന്‍  ഒടുവില്‍ എന്റെ വാദഗതികളെ   ഒന്നന്നായി ഖണ്ഡിക്കാന്‍ തുടങ്ങി. ഇതൊക്കെ ചൈനയ്ക്കു പുറത്തു നിന്ന് ചൈനയ്ക്കെതിരെ ശബ്ദിക്കുന്നവരാണ്.   ഹാന്‍ ചൈനക്കാരന്‍ അല്ലായിരിക്കാം  അമേരിക്കയുടെയോ മറ്റു മുതലാളിത്ത രാജ്യങ്ങളുടെ സൃഷ്ടി ആണിവര്‍,

ചൈനയില്‍ നിന്നും എഴുതുന്ന ചൈനാക്കാരനായ ബ്ലോഗറാണ് ഹാനെന്നു ഞാനും..... 

....ഇല്ല്ല, തീര്ച്ചയായും   അദേഹം ചൈനാക്കാരനല്ല, ആയിരുന്നെങ്കില്‍ എന്നേ സര്‍ക്കാര്‍ അയാളെ തൂക്കില്‍ ഏറ്റിയേനെ ......

കേട്ടുകൊണ്ടിരുന്ന ഞങ്ങള്‍ സ്തബ്ധരായി, എന്തോ അബദ്ധം പറഞ്ഞതു‍പോലെ പ്രസാദേട്ടന്‍ ഒരുനിമിഷം മൌനിയായി.. 

Wednesday 29 September 2010

ജ്ഞാനപീഠം

കോളെജിൽ വെച്ച് കവിതാ രചനയ്ക്ക് ഒന്നം സമ്മാനം കിട്ടിയപ്പോഴും സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനത്തെത്തിയപ്പോഴും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല, എന്നിൽ കവിതാ വാസന തീരയില്ലെന്നത്, പിന്നീട് അവാർഡിനു അർഹമായ കവിതകളെല്ലാം ചേർത്ത് പുസ്തകമാക്കിയപ്പോൾ അവതാരകൻ എഴുതിയത് മുഴുക്കെ കള്ളമായിരുന്നു. അക്കാഡമി ആദരിക്കാനായി ചേർന്ന സമ്മേളനത്തിൽ  തല കുനിഞ്ഞത് ഹാരത്തിന്റെ ഭാരത്താലായിരുന്നു. അധ്യക്ഷ പ്രസംഗത്തിൽ മന്ത്രി അനുമോദിച്ചപ്പോൾ എനിക്ക്   പറ്റിയ പണിയല്ലാ ഇതെന്നു തോന്നി, ഇപ്പോ , ജ്ഞാനപീഠം  കിട്ടിയപ്പോൾ ശരിക്കും മനസ്സിലായി  കവിത ഒട്ടും വഴങ്ങില്ലെന്നു..

Saturday 25 September 2010

ആയിരം പോസ്റ്റുള്ള ബെര്‍ളി


മലയാളം ബ്ലൊഗിലെ മുടിചൂടാമന്നനും, സെക്രട്ടറിയേറ്റിലെ ജീവനക്കാരന്റെ ഉറ്റ മിത്രവും ആയ ശ്രീമാന്‍  ബെര്‍ലിതോമസ്  ആയിരം പോസ്റ്റുകള്‍  തികച്ചിരിക്കുകയാണു, ഞാനുള്‍പ്പെടെ അനവധിപേര്‍ മലയാളം ബ്ലോഗിലേക്ക് കടന്നുവന്നതിനു ബെര്‍ളിത്തരങ്ങള്‍ വലിയ  പങ്കു  വഹിച്ചുട്ടള്ളതിനാല്‍ അദ്ധേഹത്തിനു ബ്ലോഗിലെ എഴുത്ത്ച്ഛന്‍  എന്നു വിശേഷിപ്പിക്കാം
തൊണ്ണൂറ്റഞ്ച് രജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ലക്ഷക്കണക്കിനു വായനക്കാര്‍, കമന്റു ബോക്സില്‍  എത്തുന്ന അനേകായിരങ്ങള്‍, എന്തുകൊണ്ടും ഒരു പുരസ്ക്കാരത്തിനു അര്‍ഹനാണ്. വിക്കി, ഗൂഗിള്‍, ഇം‌ഗ്ലീഷ് ബ്ലോഗുകള്‍ തുടങ്ങിയവയിലൂടെ കിട്ടിയ അറിവുകള്‍ യാതൊരുവിധ പിശുക്കും കൂടാതെ വായനക്കാരില്‍ എത്തിക്കുന്നതില്‍ വിജയം കണ്ട വ്യക്തി, ക്ലാസ്സിക്കിനോടൊപ്പം കൂതറയും പോസ്റ്റാന്‍ മടിയില്ലാതെ ആയിരത്തിലെത്തി,
കെരളം കണ്ട ഏറ്റവും വലിയ ദുരന്തമായി നെയ്യപ്പ ദുരന്തം അവതരിപ്പിച്ച് വാര്‍ത്തചാനലുകളുടെ പേക്കൂത്തുകള്‍ തുറന്നു കാട്ടി. ഫോര്‍വേഡായി കിട്ടിയ ആ ദുരന്തത്തിലൂടെയാണു ഇന്നത്തെ മിക്ക ആളുകളും മലയാളം ബ്ലോഗില്‍ എത്തപെടുന്നത് എന്നു പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല, മലയാള സിനിമയിലൂടെ വിശ്വവിഖ്യാതനായ മിസ്റ്റര്‍ മമ്മൂട്ടിക്ക് ബ്ലോഗിന്റെ ആദ്യാക്ഷരങ്ങള്‍ ചൊല്ലികൊടുത്തത് ബെര്‍ലിയാണു. പോസ്റ്റുകള്‍ക്ക് വിഷയ ദാരിദ്ര്യം  അനുഭവിച്ചിട്ടില്ലാത്ത ബ്ലോഗര്‍ എന്ന് ഇദ്ധേഹത്തെ വിശേഷിപ്പിക്കാം, വല്ലഭനു പുല്ലും ആയുധം എന്ന പോലെ മുന്നില്‍ കാണുന്ന എന്തിനേയുംപോസ്റ്റാക്കും, അതു ടെസ്ക്ക് റ്റോപ്പിലെ ബ്ലിസ്സായാലും , ലിസ്സിയുടെ വീട്ടിലെ പാര്‍ട്ടിയായാലുംഅതെല്ലാം പുതു വിഷയമായി പുതു പോസ്റ്റായി നമ്മുക്കു മുന്നില്‍ അവതരിക്കൂം. വായിച്ചതിനു ശേഷം വിക്കിയില്‍ തപ്പി അതിവിടുണ്ടെന്ന് വെളിപ്പെടുത്തുന്നവര്‍, ബെര്‍ലി പോസ്റ്റാക്കുന്നത് വരെ അതിനെ കുറിച്ച് അറിഞ്ഞിരുന്നില്ല എന്ന യാതാര്‍ഥ്യം വിസ്മരിക്കുകയാണ്. ഏതു തരത്തിലുള്ള വായനക്കാരിലും അസൂയ ഉളവാക്കുന്ന പദപ്രയോഗങ്ങള്‍, ഓര്‍ത്തോര്‍ത്ത് ചിരിക്കാന്‍ ഒട്ടേറെ വിഭവങ്ങള്‍ നല്‍കിയാണ്‌ ഓരോ  പോസ്റ്റും അവസാനിക്കുന്നത്,

ആക്ഷേപഹാസ്യത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗിച്ചുകൊണ്ട്   ബെര്‍ലിത്തരങ്ങള്‍ ആയിരത്തില്‍ നിന്ന് പതിനായിരത്തിലേക്ക്  കുതിക്കട്ടേ എന്നു ആശംസിച്ചുകൊണ്ട്......................

Monday 20 September 2010

ലൌ ജിഹാദ്

ലൌ ജിഹാദ് തീര്‍ച്ചയായും ശരിയാണ്, കേരള കരയില്‍ ഇത് തുടങ്ങി വെച്ചത് ശ്രീമാന്‍ വൈക്കം മുഹമ്മദ്‌ ബഷീര്‍ ആണ്, അദ്ധേഹത്തിന്റെ അയല്പക്കകാരി മറിയാമ്മയാണ് ആദ്യ ഇര, ലൌ മൂത്തപ്പോള്‍ പാത്തുമ്മയുടെ ആടിനെ വരെ  അഴിച്ചു മറിയാമ്മക്ക് കൊടുത്തു, ലൌ വളര്‍ന്നു ജിഹാദ് ആകുന്നതിനെ മുമ്പേ മറിയാമ്മയുടെ മാതാപിതാക്കള്‍ അറിയിക്കേണ്ടവരെ അറിയിച്ചു, ബഷീര്‍ സായിവിനെ ബ്രട്ടീഷുകാര്‍ ജയിലില്‍ ആക്കി.  പുള്ളിക്കാരന്‍ ജയിലിലും ലൌ ജിഹാദിന്‍റെ സാധ്യധകളെ കുറിച്ച് ശരിക്കും പഠനം നടത്തി, മതിലിനപ്പുറം നിന്ന് കേട്ട സ്ത്രീശബ്ദം ഒരു അന്യമത ക്കാരിയുടെ ആണെന്ന് മനസ്സിലാക്കിയപ്പോള്‍ വീണ്ടും ഈ ജിഹാദ് പുറത്തുവന്നു, കല്യാണം കഴിച്ചു അവരെ മതം മാറ്റി അതില്‍ ഒരു അമ്പതു കുട്ടികളും ആയാല്‍ കുറഞ്ഞത്‌ 51 പേരെ ഇസ്ലാമാക്കി  സ്വര്‍ഗത്തിലോട്ടു പോകാമായിരുന്നു. പക്ഷെ അദ്ധേഹത്തിന്റെ കണക്കുകൂട്ടല്‍  പിഴച്ചു, ജയില്‍ മോചിതനായ അദ്ദേഹത്തിന് തന്റെ ജിഹാദ് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞില്ല, ഗള്‍ഫ്‌ നാടുകളില്‍ നിന്നുള്ള ഫണ്ടിന്റെ അപര്യാപ്തതയും NDF  പോലുള്ള സംഘടനകള്‍ ഇല്ലാഞ്ഞതും അതിനു കാരണമായി എന്ന് പറയുന്നതാകും ശരി,
എന്നാല്‍ പില്‍ക്കാലത്ത് പുതുതലമുറയില്‍ പെട്ട മുസ്ലീം ചെറുപ്പക്കാര്‍ ഇതില്‍ സജീവമായി, ചാറ്റിങ്ങില്‍ അവര്‍ aslm  (അസ്സലാമു അലൈക്കും എന്നതിന്റെ ഷോര്‍ട്ട് ഫോം ) എന്നെഴുതി അന്യമതക്കാരെ ലൌ വിലേക്ക് ആക്കി ജിഹാദിനുള്ള കളം ഒരുക്കി, ലൌ ജിഹാദിലൂടെ 2900 -ത്തില്‍     കേരളം ഒരു ഇസ്ലാമിക രാജ്യമാക്കി മാറ്റണം,
പത്രത്തില്‍ നിത്യം കാണുന്ന പിടിച്ചുപറി , കൊല, തട്ടിപ്പ്, വെട്ടിപ്പ് ഇതില്ലെല്ലാമുള്ള മുസ്ലിം യുവാക്കള്‍ ശരിക്കും ഇത് ചെയ്യുന്നത് ഉസാമ ബിന്‍ ലാദന് വേണ്ടി യാണ്, താലിബാന്റെ  ജിഹാദിന്‍റെ  ഫണ്ടിന് വേണ്ടിയാണ്  ഇവര്‍ ഇതെല്ലം ചെയ്യുന്നത്, ഇതില്‍ പിടിക്കപെടുന്ന മറ്റു മതത്തില്‍ പെട്ടവര്‍ ദേശത്തിന്റെ ഐക്ക്യത്തിനും അഖന്ധതക്കും വേണ്ടിയാണു, മതേതരം കാത്ത്സൂക്ഷിക്കാനാണ്,

പെണ്ണിനെ  മതം നോക്കി പ്രേമിക്കുന്നവര്‍ കേരളത്തില്‍ മാത്രമാണ്,  നെറ്റിയിലെ പൊട്ടും കഴുത്തിലെ കുരിശുമാലയുമാണ് ചെറുപ്പക്കാരെ ആഘര്‍ഷിക്കുന്നത്,   കാമുകന്‍ മുസ്ലിം ആണെങ്കില്‍ അത് ജിഹാദായി,സീമന്ത രേഖയിലെ സിന്ധൂര കുറി അറിയാതിരിക്കാന്‍ ആണ് തലയില്‍ തട്ടമിടുന്നത് പോലും!    അടുത്ത കാലത്ത് ഒരു ക്രിസ്ത്യന്‍ പെണ്ണിനെ അടിച്ചോണ്ട് പോയ ഒരു ഹിന്ദു ചെറുക്കന്‍ പറഞ്ഞത് പൊങ്കാലയ്ക്ക് ആളെ കൂട്ടാനാണ് അവളുടെ മതം മാറ്റിയതെന്ന്, ഒരു തരത്തില്‍ പറഞ്ഞാല്‍ ഇതിനെ "ലൌ പൊങ്കാല" എന്ന് പറയാം, ഇപ്പൊ അതാണല്ലോ ഫാഷന്‍ ,അതാണെങ്കില്‍ സ്ത്രീകള്‍ മാത്രം ചെയ്യുന്നതും, എന്തുകൊണ്ടും   പയ്യന്മാര്‍ക്ക് ഒരു സ്കോപിനുള്ള  വകുപ്പായി,  മതം മാറ്റാന്‍ വേണ്ടി മാത്രം പ്രേമിക്കൂ, മതത്തില്‍ ആളെ കൂട്ടിയാല്‍ നിങ്ങള്‍ക്ക്‌ കിട്ടുന്നത് ലക്ഷങ്ങളാണ്, ശോഭനമായ ഭാവിയും, അമ്പാസ്സിടര്‍ കാറും, നാളെ, നാളെ തന്നെ പ്രേമിക്കൂ, തൊട്ടടുത്തുള്ള അന്യ മതക്കാരിയെ,

അനുബന്ധം: പ്രഭു ദേവ റംലത്തിനെ കെട്ടി മോഴിചെല്ലി നയന്തരേ കെട്ടാന്‍ പോകുന്നു എന്ത് ലൌ ജിഹാദാണോ ഇത്!!!!!!!

(കടപ്പാട് : ലൌ ജിഹാദിന്‍റെ വാര്‍ത്തയോട് പ്രതികരിച്ച  എന്‍റെ  സ്നേഹിതയ്ക്ക്)


Thursday 16 September 2010

രാത്രിയിലെ സ്ത്രീ

കേരളത്തിലെ പുരോഗമന ആശയക്കാര്‍ കാലാകാലങ്ങളായി മുറവിളി കൂട്ടുന്ന ഒരു വലിയ വിഷയമാണ്‌ സ്ത്രീകളുടെ സ്വാതന്ത്ര്യം, മതാനുഷ്ഠാനങ്ങളും പുരുഷ  മേൽ കൊയ്മയും ആണ് സ്ത്രീ അനുഭവിക്കുന്ന പാരതത്ര്യത്തിനു നിദാനമായി കാണുന്നത്, മതാനുഷ്ഠാനങ്ങള്‍ എന്ന് പറയുമ്പോള്‍ ഇസ്ലാം മതമാണ്‌ ഒന്നാമതായി പ്രതി സ്ഥാനത്ത് വരുന്നത്, സ്ത്രീകളുടെ വസ്ത്രധാരണവും, പള്ളി പ്രവേശനവും മറ്റും ആണ് അതിനു തെളിവായി കൊടുക്കുന്നത്, കന്യാ സ്ത്രീ ആയി അവരോധിക്കപെടുന്നതാണ് ക്രിസ്തു മതത്തിന്റെ പേരിലുള്ളതെങ്കില്‍ പുരാതനമായ സതിയാചാരവും (നിയമം മൂലം ഇപ്പോള്‍ നിലവില്‍ ഇല്ലെങ്കിലും) , ഭ്രഷ്ടും എക്കെയാണ് ഹിന്ദു മതത്തിന്റെ പങ്ക്,
ഒരു സ്ത്രീ അവള്‍ എതു പ്രായത്തിലോ മതത്തിലോ പെട്ടതാകട്ടെ, അവള്‍ക് കേരളത്തിലെ ഏതെങ്കിലും നിരത്തില്‍, കമ്പോളത്തില്‍, പൊതുസ്ഥലങ്ങളില്‍, അല്ലെങ്കില്‍ മറ്റെവിടെയെങ്കിലും രാത്രി എട്ടുമണിക്ക് ശേഷം ഒറ്റയ്ക്കോ അല്ലെങ്കില്‍ കൂട്ടുകാര്‍ക്ക് ഒപ്പമോ സഞ്ചരിക്കാന്‍ പറ്റുമെന്ന് കരുതുന്നുണ്ടോ ?

സാംസ്ക്കാരികമായി വളരെ ഔന്ന്യത്തിൽ ആണെന്ന് അവകാശപെടുന്ന കേരളത്തിൽ അപൂരവ്വമായി സംഭവിക്കുന്ന ഒരു കാര്യമാണിത്,
ജൊലിയാവശ്യാർത്ഥമോ മറ്റോ രാത്രിയിലെ യാത്രയിൽ ഒറ്റപ്പെട്ടുപോകുന്ന സ്ത്രീകൾ പലപ്പോഴും പീഡനങ്ങൾക്ക് വിധേയമാകാറുണ്ട് , അങ്ങനെ സംഭവിച്ചില്ലെങ്കിൽ കൂടിയും സുരക്ഷിതമായ സ്ഥലത്ത് എത്തിചേരുന്നത് വരെ അവൾ തികച്ചും മാനസിക പീഡനത്തിൽ ആയിരിക്കും, രാത്രി വൈകാനുള്ള കാരണമോർത്ത് സ്വയം ശപിക്കും, ഒറ്റപെടേണ്ടിവന്ന സ്ത്രീയുടെ വീട്ടുകാർക്കും അസ്വസ്ഥത നല്കുന്ന നിമിഷങ്ങൾ ആയിരിക്കും അത്.
കേരളത്തിലെ പുരുഷന്മാർ എല്ലാം മോശമായതു കൊണ്ടല്ല സ്ത്രീകൾക്ക് ഇത്തരത്തിലുള്ള ഭയാശങ്കകൾ ഉണ്ടാവുന്നത്, സ്ത്രീത്വം നശിപ്പിക്കപെടാൻ തക്കവണ്ണം എന്തോ ചുറ്റിനും പതിയിരിക്കുന്നൂ എന്ന ധാരണയാണവളെ ഭയപെടുത്തുന്നത്, സ്കൂളിൽ പോയ മകളുടെ സുരക്ഷിതിത്വം ഓർത്ത് വ്യാകുല പെടുന്ന അമ്മയ്ക്ക് റോഡിലൂടെ അതി വേഗതയിൽ കടന്നുപോകുന്ന വാഹനത്തെക്കാൾ ഭയം മകൾക്ക് സംഭവിച്ചേക്കാവുന്ന പീഡനത്തെ ഓർത്താണു.

യാത്രയിൽ മാത്രമല്ല രാത്രി 9 മണിക്കു ശേഷം വീടിനു അടുത്തുള്ള ഒരു കടയിൽ അവശ്യ സാധനങ്ങൾക്കായി അവൾക്ക് കൂട്ടില്ലാതെ പൊകാൻ ഭയമാണു, അടുത്തുള്ള ബ്ന്ധു വീട്ടിൽ അസമയത്ത് എന്തെങ്കിലും സംഭവിച്ചെന്നറിയുമ്പോൾ ആ വീട്ടിലേക്ക് ഒറ്റയ്ക്ക് ഇറങ്ങി പോകുവാൻ അവൾക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ട്തായി വരും.

നമ്മുടെ സംസ്ക്കാരം സ്ത്രീക്ക് നല്കിയ സ്വാതന്ത്ര്യത്തിന്റെ മൂടുപടത്തിലേക്കാണു ഇത് വിരൽ ചൂണ്ടുന്നത്.

 ഭാഗം രണ്ട്,
എന്നാൽ ഇവിടെ കാര്യങ്ങൾ തികച്ചും വ്യത്യസ്തമാണു, രാത്രി മൂന്നുമണിവരെ കച്ചവട സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ, സ്വന്തമായി സ്ഥാപനം നടത്തുന്നവർ, തെരുവിലൂടെ അങ്ങോട്ടുമിങ്ങോട്ടും സ്ഫാരി നടത്തുന്ന കോളേജ് കുമാരികൾ, സ്കൂൾ സമയം പോലും രാത്രി 9 മണിക്ക് ശേഷം, ഒറ്റയ്ക്കൂം പെട്ടയ്ക്കുമായി തെരുവ് നിറഞ്ഞു നില്ക്കുന്ന പെണ്മണികൾ, ആരും ആരേയും ഭയക്കുന്നില്ല അല്ലെങ്കിൽ ഭയപെടേണ്ട ഒരന്തരീക്ഷം അവിടെ സംജാതമാകുന്നില്ല, റ്റാക്സിയിലും പ്രൈവറ്റ് ബസ്സിലും പോകുന്ന യുവതികൾ, അന്യപുരുഷന്റെ അടുത്തിരുന്നാൽ സദാചാരം നഷ്ടപെട്ടുപോകുമെന്ന് ഭയമില്ലാത്തവർ, വഴി വിളക്കുകളാൽ കുളിച്ചു നില്ക്കുന്ന തിരക്കേറിയ തെരുവുകളിൽ മാത്രമല്ല വീടുകളിലേക്കു പോകുന്ന് ഊടു വഴികളിൽ പോലും ഈ കാഴ്ച്ച് കാണം,

അർദ്ധ് രാത്രി രണ്ട് മണിക്ക് കവലയിലെ കടയിൽ നിന്ന് സാധനം വാങ്ങുന്നതിനായി വീടുവിട്ടിറങ്ങി വരുന്ന ഒരു ഒമ്പത് വയസ്സുകാരി, കേരളീയാന്തരീക്ഷത്തിൽ ചിന്തിക്കാൻ പോലും പ്രയാസമായ കാര്യം.

രാത്രിയുടെ ഇരുണ്ട യാമങ്ങളിൽ ഇത്ര സുരക്ഷിതത്വത്തോടെ സ്ത്രീകൾ സഞ്ചരിക്കുന്നത് എവിടെയാണെന്നറിയാൻ ആകാംഷ യുണ്ടാകും, മറ്റെങ്ങുമല്ല സുന്ദരിമാർ ധാരാളമുള്ള ഈജ്യപ്റ്റിൽ, അറേബ്യ്ൻ കഥകളിലെ അപ്സരസ്സുകളുടെ നാട്, തനതായ ഇസ്ലാമിക വേഷവും,  എറ്റവും മോഡേണായ ഫാഷൻ വസ്ത്രങ്ങളും ധരിച്ച് തെരുവിൽ തേരാപാരാ നടക്കുന്നവർ,

വേനൽ കാലത്ത് അധികമായി ലഭിക്കുന്ന പകലിനു ശേഷമുള്ള രാത്രി, പകലിന്റെ ചൂടിനെ സ്വാന്തനിപ്പിക്കാൻ എത്തുന്ന കടൽ കാറ്റിന്റെ കുളിർമ്മയാസ്വധിക്കാൻ അവർ കൂട്ടത്തോടെ വീട് വിട്ടിറങ്ങുന്നു. നൈൽ നദി മെഡിറ്ററേനിയൻ കടലിലേക്ക് ഒഴുകി ചേരുന്ന സുന്ദരമായ റാസ്സൽ ബാർ കടൽത്തീരം , ഭാര്യാ ഭർത്താക്കന്മാർ, കാമുകീ കാമുകന്മാർ, കുട്ടികൾ, ചില രംഗങ്ങൾ നമ്മുടെ കോളേജ് ക്യാമ്പസ്സിന്റെ പ്രതി രൂപമായി തോന്നും, അവർ രാത്രി ആഘോഷിക്കുകയാണു, ഹോട്ടലുകളും, സിനിമാ തിയേറ്ററും, എല്ലാം സജീവമാണു,

പകലറക്കവും, രാത്രി കറക്കവും ഇഷ്ഠപെടുന്ന ഈജ്യപ്ഷ്യ്ൻ ജനത, അവരുടെ സ്ത്രീകളിലുള്ള സുരക്ഷിതത്വ ബോധം അവർക്കുണ്ടായതിനെ കുറിച്ചും, അത് സമൂഹത്തിൽ പരിപാലിക്കപെടുന്നതിനെ കുറിച്ചും നാം ഒരുപാട് പഠിക്കേണ്ടിയിരിക്കുന്നു.



Sunday 15 August 2010

ഒരു തുടക്കം

എല്ലാവര്‍ക്കുമായി,

ഹരി ശ്രീ കുറിക്കുന്ന പൈതലിന്‍  കരങ്ങളെ
ആശയങ്ങളാല്‍ ആശയാക്കേണമേ
അഷ്ടിക്കു വകയില്ലാത്ത കുട്ടികള്‍ക്കായി
മുഷ്ടി അറിഞ്ഞു പണി എടുക്കുന്നോര്‍ക്ക്
നഷ്ടമാം സമയത്തെ ഓര്‍ത്തു ദുഃഖം അകറ്റാന്‍
നിത്യം വായിചീടുക ഈ ചീന്തുകളെ,

സമര്‍പ്പണം,

കൃഷ്ണ.