Thursday 24 May 2012

തിരു ശേഷിപ്പ് (ഭാഗം - ഒന്ന്)


( ഭാഗ - ഒന്ന്)

അന്ന് അതായത് ആയിരത്തി തൊള്ളായിരത്തി അന്ന്.

തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അവറാന്‍ ഉറക്കം വന്നില്ല, അല്ലെങ്കില്‍ തന്നെ ഉറങ്ങാന്‍ ആയിരുന്നില്ല അയാള്‍ കിടന്നത്,  ഭാര്യ മറിയാമ്മയും, മകന്‍ അലക്സും പാതിരാ കുര്‍ബാനയ്ക്ക് പോയിരിക്കുകയാണ്, അകലെ പള്ളിയില്‍ നിന്നും അച്ഛന്റെ പ്രസംഗം ചെറിയ തോതില്‍ അവറാന്റെ  ചെവിയിലും എത്തുന്നുണ്ട്, നാളെ ഈസ്റ്റര്‍ ആണ് ,

അവറാന്‍ ഒഴിച്ച് ഇടവകയിലെ എല്ലാവരും തന്നെ പാതിരാ കുര്ബാനക്കായി നേരത്തെ പള്ളിയില്‍ എത്തിച്ചേര്‍ന്നിരുന്നു,

ഈ അവസരത്തിന് വേണ്ടിയാണു അയാള്‍ കാത്തിരുന്നത്‌, വര്‍ഷത്തില്‍ ഒരു ദിവസം മാത്രം കിട്ടുന്നത്, ഭിത്തിയില്‍ തൂങ്ങികിടന്നിരുന്ന ഘടിഘാരത്തില്‍ നിന്ന് മണി പതിനോന്നായെന്നുള്ള അറിയിപ്പ് കിട്ടി, അവറാന്‍ തോര്‍ത്തുമുണ്ടും എടുത്തു പതുക്കെ വെളിയിലെക്കിറങ്ങി, നേരത്തെ കളീലില്‍ സൂക്ഷിച്ചിരുന്ന ആയുധങ്ങളുമായി പുറത്തേക്കു നടന്നു,

നാട്ടിലെ അറിയപ്പെടുന്ന പണക്കാരനാണ് മത്തായി, ഭാര്യ അന്നാമ്മയും മകള്‍ ലിസ്സിയോടപ്പം അദ്ധേഹവും പള്ളിയില്‍ പോയിരിക്കുകയാണ്, ലിസ്സി ജനിച്ചതിനു ശേഷം ഇന്നേവരെ പള്ളിയുമായി ബന്ധപെട്ട ഒരു കാര്യവും മത്തായി മുടക്കിയിട്ടില്ല, ഒരിക്കലും ഒരു പിതാവാകാന്‍  കഴിയില്ല എന്ന് കരുതി നിരാശയോട് കഴിഞ്ഞിരുന്ന നീണ്ട പത്തുവര്‍ഷം, ലിസ്സിയെന്ന ദൈവ ദാനം അന്നാമ്മയിലൂടെ സക്ഷാല്‍കരിക്കാനായി ചെയ്ത നേര്‍ച്ചകള്‍, ചികില്‍സകള്‍, സ്നേഹിക്കാനും ലാളിക്കാനും ഒരു കുഞ്ഞു, ഈ കണ്ട സ്വത്തിനൊക്കെ ഒരു അവകാശി,  അതിനെല്ലാം ഉപരി തന്റെ പാരമ്പര്യം കെടാതെ സൂക്ഷിക്കാനുള്ള കൈത്തിരി. അതിനെല്ലാമുള്ള ഒരേ ഒരു ഉത്തരം ആയിരുന്നു ലിസ്സി,

ദൈവ പുത്രന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് നാളിലായിരുന്നു ലിസിയുടെ ജനനം, മൂന്നു വര്ഷം മുമ്പുള്ള ഒരു ദുഖവെള്ളി നാളില്‍ നിറ വയറോടെ പള്ളിയിലേക്ക് വന്ന അന്നമ്മയെ സക്കറിയ അച്ഛന്‍ സ്നേഹത്തോടെ ശാസിച്ചു, " കുഞ്ഞേ നീ ഇത്രയും കഷ്ടപ്പെട്ട് എന്തിനാ പള്ളിയിലേക്ക് വന്നെ, അതും ഉപവസിചോണ്ട്"

ഇല്ലച്ചോ, സാമുവേല്‍ ഡോക്ടര്‍ പറഞ്ഞത് തിങ്കളാഴ്ച കഴിയുമെന്നാ , എന്നാ പിന്നെ വെറുതെ ഒരു ആരാധന കളയണ്ടാന്നു വെച്ചു, അതാ അചാനെയും കൂട്ടി ഇങ്ങു പൊന്നെ....

തിങ്കളാഴ്ച വരെ കാത്തിരിക്കേണ്ടി വന്നില്ല അതിനു ഒരുദിവസം മുമ്പ് അതായത് ഈസ്റ്ററിന്റെ അന്ന് രാവിലെ സാമുവേല്‍ ഡോക്ടറുടെ പ്രവചനം തെറ്റിച്ചു കൊണ്ട് ലിസ്സി ഭൂജാതയായി.

അവറാന്റെ പറമ്പ് അവസ്സാനിക്കുന്നിടത്താണ് മത്തായിയുടെ പറമ്പ്‌ തുടങ്ങുന്നത്, ചുറ്റുപാടുമുള്ള നിശബ്ദത ഭേദിച്ചുകൊണ്ട് അച്ഛന്റെ പ്രസംഗം വ്യക്തമല്ലാതെ കേള്‍ക്കാം, പറമ്പുകളെ പരസ്പരം  വേര്‍തിരിക്കുന്ന വേലിക്കരികില്‍  അവറാന്‍ അല്‍പ സമയം നിന്ന്, ചുറ്റും ഒന്ന് കണ്ണോടിച്ചു, അയല്‍ വീടുകളില്‍ ഒന്നും ആരും ഇല്ല,

മുന്നിലായി നീണ്ടു പരന്നു കിടക്കുന്ന വിശാല ഭൂമി, തെങ്ങ്, മാവ്, പ്ലാവ്, തുടങ്ങിയ വൃക്ഷ ലതാതികള്‍ സമര്‍ദ്ധമായി വളരുന്നു, നിലാവിന്റെ വെട്ടത്തില്‍ അതെല്ലാം അവറാന്‍ വ്യക്തമായി കാണാം, അയാള്‍ നിഗൂഡമായി ഒന്ന് ചിരിച്ചു, പള്ളി പിരിഞ്ഞു ആളുകള്‍ വരുമ്പോഴേക്കും കാര്യം സാധിച്ചു തിരികെ പോകണം,

അതിര്‍ത്തി തിരിച്ചു  വെച്ചിരുന്ന മുള്ള് വേലിക്കിടയിലൂടെ അയാള്‍ തികഞ്ഞ ഒരു അഭ്യാസിയെ പോലെ മത്തായിയുടെ  പറമ്പിലേക്ക് ഊര്‍ന്നിറങ്ങി.

....ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ അറിയുന്നില്ല....പ്രസംഗം തകര്‍ക്കുക്കയാണ്,

വേലിയില്‍ നിന്ന് മത്തായിയുടെ പറമ്പിലേക്ക് ആറു ചുവടുകള്‍   കൃത്യമായി അളന്നു. തോര്‍ത്തുമുണ്ട് എടുത്തു തലയില്‍ കെട്ടി,  കൂടെ കരുതിയിരുന്ന കൈക്കോട്ട് കൊണ്ട് അവിടെ ആഞ്ഞു വെട്ടി, അത് മണ്ണിലേക്ക് ആഴ്ന്നിറങ്ങി. ...........ഒന്ന്,,രണ്ട്,,,മൂന്ന്‍,...........

അച്ഛന്റെ പ്രഭാക്ഷണം അവസ്സാനിക്കാറായി, തിരക്കുള്ളവര്‍ ഓരോന്നായി പള്ളിയില്‍ നിന്നിറങ്ങി........ രാവിലെ വീണ്ടും കുര്‍ബാനയ്ക്ക് പോകേണ്ടത് കൊണ്ട് എല്ലാവരും തന്നെ വേഗത്തിലാണ് നടത്തം, ഈസ്റ്റര്‍ പോത്തിനെ ബുക്ക്‌   ചെയ്യാത്തവര്‍ അതിന്റെ തിരക്കിലും,

അവറാന്‍ നിന്ന്  കിതയ്ക്കുകയാണ്, അയാള്‍ ആ കുഴിക്കു മേലെ  ഒരു  തൂമ്പ മണ്ണ് കൂടി വെട്ടിയിട്ട് അതിനെ കാലുകള്‍ കൊണ്ട് അമര്‍ത്തി താഴ്ത്തി,....ചുറ്റുപാടും ചിതറി കിടന്നിരുന്ന കരിയിലകള്‍ അതിലേക്കു വലിച്ചടുപ്പിച്ചു, ശരീരത്തു അങ്ങിങ്ങ് പറ്റി പിടിച്ചിരിക്കുന്ന ചോരക്കറ തോര്‍ത്തു കൊണ്ട് വൃത്തിയാക്കി , ആയുധങ്ങളും  എടുത്തു അയാള്‍ കിണറ്റിന്‍ കരയിലേക്ക് ഓടി, മൂന്നാല് തൊട്ടി  വെള്ളം കോരി മേലാകെ ഒഴിച്ചു,

ആളുകളുടെ ശബ്ദം അടുത്ത് വരുന്നു. അയയില്‍ കിടന്നിരുന്ന ഒറ്റ മുണ്ടെടുത്തു ദേഹമാസകലം തുടച്ചിട്ടു അയാള്‍ പതിയെ കട്ടിലിലേക്ക് ചരിഞ്ഞു,

അപ്പോള്‍ അയാളുടെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ന്നു..

തന്റെ പറമ്പ് ആറടി കൂടി വളര്‍ന്നിരിക്കുന്നു, അടുത്ത ഈസ്റ്റര്‍ കാലം ഓര്‍ത്തു കിടക്കെ അയാള്‍ മെല്ലെ മയക്കത്തിലേക്ക്‌ വീണു. 

(തുടരും)

13 comments:

  1. തിരുശേഷിപ്പ് കുഴിച്ചിട്ടു

    അല്ലെ ?ബാക്കി വരട്ടെ ..

    ReplyDelete
    Replies
    1. അടുത്തത് ഉടനെ ഉണ്ട്, വന്നതിനും വായിച്ചതിനും നന്ദി

      Delete
  2. കാത്തിരിക്കാം....

    ReplyDelete
  3. ജ്വാലാ,
    സംഭവം കലക്കി
    പക്ഷെ ഈ കാത്തിരിപ്പ്‌
    തീര്‍ച്ചയായും ബോറടിപ്പിക്കും
    അതുകൊണ്ട് എഴുതുമ്പോള്‍
    ഒറ്റയടിക്ക് എഴുതി വിടുക.
    നന്ദി നമസ്കാരം,
    പോസ്റ്റില്‍ കമന്റിയതിനും
    നന്ദി.

    ReplyDelete
    Replies
    1. സാര്‍, വളരെ നന്ദി, ഒരുമിച്ചു പോസ്റ്റിയാല്‍ കൂടിപോകൂന്നു വിചാരിച്ചാ മുറിച്ചത്.. അടുത്തത് ഉടനെ ഉണ്ട്

      Delete
  4. Replies
    1. ഏയ്, അങ്ങനൊന്നും ഇല്ല , വന്നതിലും വായിച്ചതിലും സന്തോഷം

      Delete
  5. അവറാന്റെ പറമ്പ് അവസാനിക്കുന്നിടത്താനല്ല്ലോ മത്തായിയുടെ പറമ്പ് തുടങ്ങുന്നത്.
    കൊള്ളാമല്ലോ ഇത്.നോവലാണോ?

    ReplyDelete
    Replies
    1. ഏയ് നോവലോന്നും അല്ല, അടുത്ത ഒന്ന് രണ്ടു ബെല്ലോടുകൂടി അവസാനിക്കും

      Delete
  6. പക്ഷെ , അവറാന്റെ ദേഹത്തെ ചോരക്കറ മനസ്സിലായില്ല കേട്ടോ ...?

    ReplyDelete
    Replies
    1. ആയുധം ഉപയോഗിക്കുന്നവരുടെ ദേഹത്ത് ചോര പൊടിക്കാന്‍ സാധ്യത ഉണ്ടല്ലോ, തെളിച്ചു പറഞ്ഞാല്‍ വേലി കല്ലെല്ലാം അയാള്‍ മാറ്റി കുഴിച്ചിട്ടു, അതില്‍ നിറയെ മുള്ള് കമ്പി ആയിരുന്നല്ലോ, പോരഞ്ഞതിനു രാത്രിയും...

      Delete
  7. ആറടി കൂടി വലുതായി എന്ന് പറഞ്ഞപ്പോള്‍ അത് മനസ്സിലായി .
    ചോരക്കറ എന്ന് കണ്ടപ്പോള്‍ ഒരു കണ്ഫ്യുഷന്‍ .
    എന്തായാലും നല്ല എഴുത്ത് ...വീണ്ടും വീണ്ടും എഴുതൂ ...
    എല്ലാ ഭാവുഗങ്ങളും നേരുന്നു ....

    ReplyDelete
  8. എന്തൂട്ട് പണിയാ ഇത്..സംഭവം വായിച്ചു വായിച്ചു വന്നപ്പോ തുടരും ന്നോ..? ശ്ശെ ..വല്ലാത്തൊരു ചതിയായി പോയി ഇത്..

    എന്താ ഈ ചോരക്കറ പുരളാന്‍ കാരണം ? ഇയാള് ആരെയെങ്കിലും കൊന്നോ ? എന്തായാലും സംഭവം നന്നായിട്ടുണ്ട്..അടുത്ത ഭാഗം വായിക്കാന്‍ കാത്തിരിക്കുന്നു ..

    ആശംസകള്‍,

    ReplyDelete

അഭിപ്രായം അര്‍ഹിക്കുന്നു എങ്കില്‍ വെറുതെ പോകരുത്. ഇത് ഒരു അഭിപ്രായം മാത്രം.