Tuesday 29 May 2012

തിരു ശേഷിപ്പ് (ഭാഗം – മൂന്ന്‍)


മൊബൈലിലും വാച്ചിലും അബി മാറി മാറി നോക്കി, ബസ്സിനോടൊപ്പം സമയവും വളരെ വേഗതയിലാണ്, ഏതാനും മണിക്കൂറുകള്‍ കഴിയുമ്പോള്‍ താന്‍ മംഗളാം കുന്നില്‍ എത്തും, അബി തന്റെ കയ്യിലിരുന്ന ഫയലിലേക്ക്  നോക്കി,

അതിലെ ചില താളുകളില്‍   അവന്റെ കണ്ണുകള്‍ ഉടക്കി , അവന്‍റെ മുഖം പ്രസ്സന്നമായി.

വഴിയില്‍ നിന്നും ബസ്സില്‍ ആരെക്കെയോ കയറുന്നു, ചിലര്‍ ഇറങ്ങുന്നു, കയറിയവരില്‍ കൂടുതലും സ്ത്രീകളാണ്, കാറ്റിന്റെ തലോടലില്‍ അബി ഓര്‍മ്മകളിലേക്ക് വീണു ,

ആറാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് പപ്പയും മമ്മിയോടൊപ്പം ആദ്യമായി മംഗളാം കുന്നില്‍ വരുന്നത്, അന്ന് വല്യമ്മച്ചി മാത്രമായിരുന്നു തറവാട്ടു ബംഗ്ലാവില്‍, ചുളുവിനാല്‍ മുഖത്ത്  പ്രായം എഴുതി വെച്ചിട്ടുണ്ടെങ്കിലും നല്ല പ്രസരിപ്പായിരുന്നു, നര കയറാത്ത മുടി ഇഴകള്‍, അപവാദമായി നാലെ നാലെണ്ണം, സ്വര്‍ണ്ണ നിറം,

അത് സ്വര്‍ണ്ണ നാരു തന്നെയാണെന്ന് വല്യമ്മച്ചി പറഞ്ഞു വിശ്വസിപ്പിച്ചു..മരിക്കുന്നതിനു മുമ്പുള്ള വല്ല്യപ്പച്ചന്റെ തലോടുകള്‍ ആണ് അതിനെ സ്വര്‍ണ്ണ വര്‍ണ്ണ മാക്കിയത്..

ആ വിശ്വാസത്തില്‍ ആണ് വല്യമ്മച്ചി ഉറങ്ങി കിടന്നപ്പോള്‍ ആരും കാണാതെ ആ മുടിയിഴകള്‍ മുറിച്ചു ഒരു ചെറിയ ഡപ്പിയിലാക്കി വെച്ചത്,

തിരികെ പോയപ്പോള്‍ അത് എടുക്കാന്‍ മറന്നു പോയി, വല്യമ്മച്ചിക്ക് കൂട്ടായി പപ്പയുടെ അപ്പച്ചനെയും അമ്മച്ചിയെയും കൂടി  തറവാട്ടു ബംഗ്ലാവിലേക്ക് താമസം മാറ്റി,.....

"കുഞ്ഞേ അല്‍പ്പം ഒന്ന് നീങ്ങിയെ", അബി ഞെട്ടി ഉണര്‍ന്നു, ഒഴിഞ്ഞു കിടന്ന സീറ്റിലേക്ക് നോക്കി ഒരു വല്യമ്മ, പ്രായം അറുപതിന് മേലില്‍ കാണും,

അവര്‍ക്ക് കൂടി ഇരിക്കാന്‍ പാകത്തിന് അബി അല്പം നീങ്ങിയിരുന്നു.

കുഞ്ഞെങ്ങോട്ടാ ,

മംഗളാം കുന്നിലേക്ക്,

....അപ്പം തിരുനാള്‍ ധ്യാനത്തിനാ അല്ലെ, ഇവരെല്ലാം അങ്ങോട്ടേക്കാ,
എവിടുന്നെല്ലാം ആളു വരുന്നെന്നു കുഞ്ഞിനറിയോ....എന്തെക്കെ അത്ഭുതമാ നടക്കുന്നെ,.. അല്ല കുഞ്ഞെന്തു മോഹിച്ചാ, നല്ല കല്യാണം, ജോലി, ..അവരുടെ വിറയ്ക്കുന്ന ശബ്ദത്തിലും നല്ല ആവേശം..

......ചില പേപ്പറുകള്‍ ശരിയാക്കണം, അതിനു ചിലരുടെയെക്കെ ഒപ്പ് വേണം, അബി ഫയലില്‍ നോക്കി മറുപടി പറഞ്ഞു,...അല്ല അവിടെ ആരുടെ തിരുനാളാ...

......കുഞ്ഞു ഈ നാട്ടില്‍ വന്നിട്ട് കൊറേ നളായെന്നു തോന്നുന്നല്ലോ, ഇവടെ നടന്ന അത്ഭുതം ഒന്നും അറിഞ്ഞില്ലല്ല്യോ....കുഞ്ഞെവ്ടുന്നാ വരണത്...

...അങ്ങ് ബോംബെന്നു...ജനിച്ചതും വളര്‍ന്നതുമെല്ലാം അവിടെയാ, കുഞ്ഞുനാളില്‍ അപ്പന്റെയും അമ്മേടൊപ്പം വന്നിട്ടുണ്ട് .......എന്തല്ഭുതമാ നടന്നെ..

...അത് കുഞ്ഞേ,

...വിശുദ്ധനാക്കപെട്ട സക്കറിയാച്ചനെ അറിയുമോ,, മോനി കടലാസ്സോന്നു വായിച്ചേ...
സഞ്ചിയില്‍ കരുതിയിരുന്ന ഒരു കടലാസ്സെടുത്തു അബിയുടെ നേര്‍ക്ക്‌ നീട്ടികൊണ്ടവര്‍ പറഞ്ഞു,

അവന്‍ അതിലൂടെ കണ്ണോടിച്ചു,

പ്രിയ വിശ്വാസികളെ,
വിശുദ്ധനാക്കപെട്ട സക്കരിയാച്ചന്റെ തിരുന്നാള്‍ കൊണ്ടാടുന്ന ഈ പവിത്ര മാസത്തില്‍.......
കട്ടിയുള്ള സാഹിത്യ ഭാഷ മുന്നോട്ടുള്ള അവന്റെ വായനെയെ നിരുല്സാഹപെടുത്തി…

അല്ല ആരാ ഈ സക്കറിയാച്ചന്‍...

അത് ആ ഇടവകയിലെ വികാരി ആയിരുന്നു..

അപ്പൊ ഈ അവറാച്ചന്‍..

ഇടവകയിലെ  ഒരംഗവും... പള്ളിയില്‍ കേറാത്ത മനുഷ്യന്‍..ആറടി അവറാന്‍ എന്നാ ആളുകള്‍ വിളിച്ചിരുന്നത്‌..

അതെന്താ.. പുള്ളിക്ക് അത്രേക്കും നീളമാ..

ഏയ്‌. അതൊന്നുമല്ല , ഒരു ഈസ്റ്റര്‍ നാളില്‍ ഏതോ ഒരു  മത്തായിടെ വേലി മാറ്റി വെച്ചന്നോ അങ്ങനെ എങ്ങനയോ   കിട്ടിയതാണ്... അതൊന്നും ആ കാര്‍ഡി കാണില്ല, നാട്ടുകാരീന്നുള്ള കേട്ടറിവാ...

മോന്റെ കല്യാണത്തിനെങ്കിലും  പള്ളി കേറൂന്നായിരുന്നു ഇടവകക്കാര് നേമിച്ചത് ,

എന്നിട്ട് അന്നെങ്കിലും  പോയോ...

എവിടെ പോകാന്‍, അതിനു ആ തെറിച്ച ചെറുക്കന്‍ അവസരം കൊടുക്കണ്ടേ..ഏതോ ഒരു പുതുവര്‍ഷത്തിന്റെ അന്ന്  അവന്‍ അയലത്തെ പെണ്ണുമായി അങ്ങ് ഒളിചോടിന്നെ....

എന്നിട്ട് ....

...അങ്ങനെ ഇരിക്കെ ഒരിക്കല്‍ മരണാസ്സന്ന നിലയില്‍ കിടക്കുന്ന അച്ഛന് അവറാനെ കാണണമെന്നു തോന്നി. പൌലോസ്ലീഹ സ്വപ്നത്തില്‍ ദര്‍ശിച്ചതാണെന്നാ നാട്ടാര് പറയുന്നേ...

അപ്പോ  പോയോ...അബിക്ക് അകാംശയായി..

പോയെന്നെ ... അതിനാലല്ലേ ഈ അത്ഭുതം ഉണ്ടായത്.. കുഞ്ഞു ആ കടലാസ്സോന്നു വായിച്ചേ..ആ നീല നിറത്തിലെഴുതിയേക്കുന്ന..

അവന്റെ കണ്ണുകള്‍ നീല മഷിയിലൂടെ പാഞ്ഞു...

"പള്ളിമേടയില്‍ വന്ന അവറാനോട് സക്കരിയാച്ചന്‍ കുമ്പസ്സരിക്കാന്‍ ആവശ്യപ്പെട്ടു, അച്ഛന്റെ അവസാന ആഗ്രഹമാണെന്ന് അറിഞ്ഞിട്ടു കൂടി അവറാന്‍ അത് നിഷേധിച്ചു, നീ ഇപ്പോള്‍ കുംബസ്സരിക്കാന്‍ തയ്യാറായാല്‍ എന്നിലുള്ളതില്‍ നിന്ന് നീ ആവശ്യപെടുന്നത് എന്തും ഞാന്‍ ഞാന്‍ നിനക്ക് നല്‍കും,......

കടലാസിലെ വരികള്‍ക്ക് മടക്കു കാരണം വ്യക്തത നഷ്ടപെട്ടിരുന്നു...

...എന്നിട്ട് അയാള്‍ എന്താ ചോദിചെ..

അതെല്ലേ രസം.. അയാള്‍ക്ക്‌  അച്ചന്റെ നരച്ച താടിയില്‍ നിന്ന് നാലു രോമങ്ങള്‍ വേണമെന്ന്....അച്ചന്‍ കൊടുത്തെന്നെ ..അപ്പ തന്നെ അച്ഛന്‍ മരിച്ചു. പുള്ളിക്കാരന്‍ അത് വീട്ടി കൊണ്ടുപോയി ഒരു ഡപ്പിയില്‍ സൂക്ഷിച്ചു വെച്ചു..

മങ്ങിയ വരികള്‍ മാറി തെളിച്ചമുള്ള അക്ഷരങ്ങളിലേക്ക് അബിയുടെ കണ്ണുകള്‍ പതിച്ചു..

ഒരുനാള്‍ അവറാന്റെ ഭാര്യ മറിയാമ്മയുടെ കൈ തട്ടി ആ ഡപ്പി താഴെ വീണു പൊട്ടിച്ചിതറി.. അതില്‍ ഒരു മീറ്ററോളം നീളമുള്ള നാല് സ്വര്‍ണ്ണ മുടികള്‍...

പ്രിയ വിശ്വാസികളെ ഇത് അത്ഭുതം അല്ലാതെ മറ്റെന്താണ്...

....കുഞ്ഞേ സ്ഥലായി..

അബി മംഗളാം കുന്നില്‍ ഇറങ്ങി...താന്‍ കുട്ടിക്കാലത്ത് വന്ന വല്യപ്പച്ചന്റെ വീടും പരിസരവും ഒരു തിരുനാള്‍ ആഘോഷത്തിന്റെ ലഹരിയില്‍ മുങ്ങി നില്‍ക്കുന്നു.. വീടിന്റെ ഗേറ്റിനു മുന്പില്‍ വെച്ചിരിക്കുന്ന ഒരു വലിയ ഫ്ലെക്സ്‌ ബോര്‍ഡില്‍ വെളുത്ത അക്ഷരങ്ങളാല്‍ "വിശുദ്ധ സക്കറിയാച്ചന്റെ തിരുശേഷിപ്പ് കുടികൊള്ളുന്ന പുണ്യ സ്ഥലം" എന്നെഴുതിയിരിക്കുന്നു

കയ്യിലിരുന്ന ഫയലിലെ താളുകളില്‍ ഒരിക്കല്‍ കൂടി അവന്‍ കണ്ണോടിച്ചു.."

......വീട്ടില്‍ മത്തായി മകള്‍ ലിസ്സി എന്ന ഞാന്‍ എന്റെ പൂര്‍ണ്ണ സമ്മതത്തോടെ എന്റെ മകനായ അബി അലക്സ്‌ മത്തായിക്ക് എഴുതികൊടുക്കുന്ന ഇഷ്ടദാനം........

 കണ്ണുകളില്‍ ഇരുട്ടുകയറുന്നത് പോലെ അവനു തോന്നി.....

(ശുഭം)

10 comments:

  1. കൊള്ളാം അവസാനം ഭംഗി ആയി...
    കുറെ വളഞ്ഞു തിരിഞ്ഞെങ്കിലും
    ഇന്നത്തെ സമൂഹത്തിന്റെ നേര്ക്കാ
    ഴ്ചയിലേക്ക് തൊടുത്തു വിട്ട അമ്പു
    ആയി അവസാനം ഈ 'സാടയര്‍'..
    അഭിനന്ദനങ്ങള്‍...

    O.T.മെയില്‍ അയക്കാന്‍
    ബ്ലോഗിന്റെ ലിങ്ക് മാത്രം അയച്ചാല്‍
    മതി..എളുപ്പം ആണ്‌...പിന്നെ രണ്ടാം ഭാഗത്തില്‍
    ഈശോ മിശിഹായ്ക്ക്..'സുഖായിരിക്കട്ടെ'..എന്ന് കണ്ടു..
    അങ്ങനെ അല്ല..അത് സ്തുതി ആയിരിക്കട്ടെ എന്നാണു..
    (wishing each other in the name of Jesus).

    ReplyDelete
    Replies
    1. മിക്കപ്പോഴും കേള്ക്കുന്ന ഒരു വചനമാണ്, തെറ്റ് ചൂണ്ടികാണിച്ചതിനു നന്ദി, തിരുത്തിയിട്ടുണ്ട്. മെയില്‍ അയക്കാം

      Delete
  2. നന്നായി പറഞ്ഞു ...
    എഴുതാനുള്ള കഴിവുണ്ടല്ലോ ....
    ഇനിയും എഴുതൂ ....
    .

    .
    ആദ്യാക്ഷരിയില്‍ ബ്ലോഗിനെ കുറിച്ച് വേണ്ടതെല്ലാം ഉണ്ടല്ലോ , സാവകാശം ഓരോ അധ്യായങ്ങള്‍ നോക്കിയാല്‍ മാത്രം മതി ,
    ജാലകത്തില്‍ രജിസ്റ്റര്‍ചെയ്താല്‍ കൂടുതല്‍ പേരിലേക്ക് ഈ പോസ്റ്റുകള്‍ എത്തിക്കാനും കഴിയും
    ഭാവുകങ്ങള്‍ .....

    ReplyDelete
  3. "ആദ്യാക്ഷരി" യെ കുറിച്ച് പറഞ്ഞു തന്നതില്‍ നന്ദി, ഇത്രയും വിശാലമായ ഒരു ബ്ലോഗ്‌ ഇതുവരെ കണ്ടില്ലല്ലോ എന്ന വിഷമവും.. എന്തായാലും ഞാന്‍ ഫോളോ ബൈ ഇമെയില്‍ എന്ന് ചേര്ത്തിട്ടുണ്ട്, പരീക്ഷിക്കുക,

    ReplyDelete
  4. നന്നായി എഴുതിട്ടോ ,എല്ലാ ആശംസകളും ...!

    ReplyDelete
  5. മൂന്നു ഭാഗങ്ങളിലായി പറഞ്ഞോ തുക്കിയ സംഭവം
    അന്നായി. പക്ഷെ വലിച്ചു നീട്ടാതെ, ഒറ്റയടിക്ക്
    പറഞ്ഞു പോകുന്നാതാ നല്ലതെന്ന് തോന്നുന്നു ഞാനും
    പണ്ടിങ്ങനൊരു ബ്ലോഗെഴുതി, ഐ mean ഒന്ന് രണ്ടു
    ഭാഗങ്ങളിലാക്കി പലരും നിര്‍ദേശിച്ചു ഒറ്റയടിക്ക്
    പറയാന്‍ കാരണം മിക്കപ്പോഴും അടുത്ത പോസ്റ്റ്‌ വായിക്കാന്‍
    പലര്‍ക്കും സമയം കിട്ടിയില്ലന്നു വരും അഭിപ്രായവും കുറയും
    എഴുതുക അറിയിക്കുക
    വീണ്ടും വരാം
    എന്റെ ബ്ലോഗില്‍ വന്നതിനും നന്ദി

    ReplyDelete
    Replies
    1. സര്‍, ഇനി എഴുതുന്നത്‌ ഒറ്റയാക്കാന്‍ ശ്രമിക്കാം, അഭിപ്രായത്തിനു നന്ദി,

      Delete
  6. നര്‍മം... :).. ദാ ഞാനോടി...:)

    ReplyDelete
  7. ഹ ഹ ഹ .......

    അസലായി ഒതുക്കി പറയുന്ന ശൈലി ആശംസകള്‍ @ PUNYAVAALAN

    ReplyDelete
  8. nalla TAMAASA

    ReplyDelete

അഭിപ്രായം അര്‍ഹിക്കുന്നു എങ്കില്‍ വെറുതെ പോകരുത്. ഇത് ഒരു അഭിപ്രായം മാത്രം.